വായ്പ കുടിശിക തിരിച്ചടച്ചില്ല; കര്‍ഷകനെ ജയിലിലടച്ചു; നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു

single-img
31 October 2015

waynadവയനാട്: കാര്‍ഷിക വായ്പയില്‍ കുടിശിക വരുത്തിയതില്‍ കര്‍ഷകനെ ജയിലിലടച്ചതില്‍ പ്രതിഷേധം കേരള ഗ്രാമീണ ബാങ്കിന് മുന്നില്‍ ഉപരോധം. വയനാട് ഇരുളം അങ്ങാടിശേരിയില്‍ മുളയാനിക്കല്‍ സുകുമാരനെ (60) യാണ് കേരള ഗ്രാമീണ്‍ ബാങ്ക് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

കാര്‍ഷികേതര വായ്പയാണ് അനുവദിച്ചതെന്നും വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് പലതവണ നോട്ടീസയച്ചിട്ടും പ്രതികരണമില്ലാത്തതിനാലാണ് നിയമനടപടി സ്വീകരിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. വെള്ളിയാഴ്ച ഉച്ചയോടെ ബത്തേരി സബ്‌കോടതിയാണ് സുകുമാരനെ റിമാന്‍ഡ് ചെയ്തത്.

2011ല്‍ ബാങ്ക് നല്‍കിയ കേസിനെത്തുടര്‍ന്ന് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് തിരിച്ചടച്ചില്ല. ഇതോടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

സുകുമാരന്‍ തന്റെ പേരിലുള്ള 75 സെന്റ് സ്ഥലം പണയപ്പെടുത്തി ഗ്രാമീണ്‍ ബാങ്കിന്റെ ഇരുളം ശാഖയില്‍നിന്ന് 1999ല്‍ 99,000 രൂപയാണ് കാര്‍ഷികാവശ്യത്തിന് വായ്പയെടുത്തത്. മുതലും പലിശയും മറ്റു ചെലവുമടക്കം 5,77,000 രൂപ അടയ്ക്കാനാവശ്യപ്പെട്ടാണ് ബാങ്ക് കേസ് കൊടുത്തത്.

കര്‍ഷകനെ മോചിപ്പികണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. എല്‍ഡിഎഫ് നേതൃത്വത്തില്‍ കര്‍ഷകര്‍  ബാങ്കിന്റെ ഇരുളം ശാഖ വളഞ്ഞ് ജീവനക്കാരെ ഉപരോധിച്ചു. സുകുമാരന്റെ ഭാര്യ സുമതിയും ബന്ധുക്കളുംബാങ്കിനുമുന്നില്‍ കുത്തിയിരിപ്പ് നടത്തി.  കേസ് ബാങ്കധികൃതര്‍ പിന്‍വലിച്ച് സുകുമാരനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്  സമരം. ബാങ്ക് മാനേജരുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ രാത്രി വൈകിയും ഉപരോധസമരം തുടര്‍ന്നു

കൃഷി നാശത്താലും മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തയച്ച സാമ്പത്തിക പരാധീനതയും കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. വായ്പാ സെറ്റില്‍മെന്റിന് ബാങ്ക് സുകുമാരനെ വിളിപ്പിച്ചപ്പോള്‍ താന്‍ ഈടുവച്ച സ്ഥലം ബാങ്കിന് വിട്ടുനല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബാങ്ക് കേസുമായി മുന്നോട്ടു പോവുകയായിരുന്നു.