സംഘപരിവാര്‍ ശക്തികള്‍ ദളിത് കുട്ടികളെ ചുട്ടുകൊന്നതിലും കേന്ദ്ര മന്ത്രി ദളിതരെ പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ച് ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു

single-img
30 October 2015

cantidate_103015

സംഘപരിവാര്‍ ശക്തികള്‍ ദളിത് കുട്ടികളെ ചുട്ടുകൊന്നതിലും കേന്ദ്ര മന്ത്രി ദളിതരെ പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ച് ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം ബിജെപി നേതൃത്വത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ ഇഴറുകയാണ് ബി.ജെ.പി നേതൃത്വം.

കോഴിക്കോട് കൊടിയത്തൂര്‍ ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥി കെ.കമലമാണ് സംഘപരിവാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. ഹരിയാനയിലെ പട്ടികജാതി കുടുംബത്തിലെ പിഞ്ചുകുട്ടികളെ ചുട്ടുകൊല്ലുകയും, ദളിത് വിഭാഗങ്ങള്‍ക്കുനേരെ നിരന്തരം അക്രമം നടക്കുകയും ചെയ്തിട്ടും ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും മൗനം നടിക്കുകയാണെന്ന് കമലം കുറ്റപ്പെടുത്തുന്നു. ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന അക്രമങ്ങളില്‍ പ്രതിരോധത്തിലായ നേതൃത്വം ഇപ്പോള്‍ വീണ്ടും ഞെട്ടിയിരിക്കുകയാണ്.

ഇന്നലെ രാത്രി തന്നെ കൊടിയത്തൂര്‍ പഞ്ചായത്ത് ബിജെപി കമ്മിറ്റി പന്നിക്കോട് അടിയന്തിരയോഗം ചേരുകയും ഈ പ്രശ്‌നത്തെ ഏതു രീതിയില്‍ പ്രതിരോധിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നില്‍ സിപിഎം ഭീഷണിയാണന്ന് ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ബാബു മൂലയില്‍ പറഞ്ഞു. പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട സിപിഎം നേതൃത്വം സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി ബലമായി പ്രസ്താവനയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് സ്വന്തം തീരുമാനമാണെന്നും കമലം അറിയിച്ചു.