ഹോണ്ട ബി ആർ — വി 2016 ഏപ്രിലോടെ ഇന്ത്യയിൽ

single-img
30 October 2015

hondക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്ന് ഹോണ്ട വിശേഷിപ്പിക്കുന്ന ബി ആർ — വി അടുത്ത സാമ്പത്തിക വർഷത്തിൽ  ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു ഹോണ്ട പ്രഖ്യാപിച്ചു. റെനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രേറ്റ, നിസ്സാൻ ടെറാനൊ, ഫോർഡ് ഇകോ സ്പോർട്ട്, മാരുതി സുസുക്കി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങൾ നിരത്ത് വാഴുന്ന വിപണിയിലേക്കാണ് ഹോണ്ട ബി ആർ — വിയെ എത്തിക്കുന്നത്.
ഈ വർഷം ഇന്തോനേഷ്യയിൽ നടന്ന അന്തർദേശീയ വാഹനപ്രദർശന വേദിയിലാണ് ഔദ്യോഗിഗമായി ബിആർവിയെ കമ്പനി ആകോളവിപണിയിൽ പരിചയപ്പെടുത്തിയത്.

ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവിധ ഇന്ത്യൻ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കു മുമ്പിൽ ബി ആർ — വിയെ അവതരിപ്പിച്ച് പ്രതികരണങ്ങളും അഭിപ്രായങ്ങളും തേടുന്ന ‘പ്രോഡക്ട് ക്ലിനിക്കു’കൾക്കും ഹോണ്ട തുടക്കമിട്ടു. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാവും വാഹനത്തിൽ ഉൾപ്പടുത്തേണ്ട സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ഹോണ്ട അന്തിമമായി തീരുമാനിക്കുക.

ഹോണ്ടയുടെ എൻട്രി ലവൽ സെഡാനായ അമെയ്സിന്റെയും മൾട്ടിപർപ്പസ് വാഹനമായ മൊബിലിയൊയുടെയും പ്ലാറ്റ്ഫോമുകള്‍ കൂട്ടിയോജിപ്പിച്ചാണ് ബി ആർ — വിയുടെ നിർമ്മാണം. കൂടുതൽ സ്ഥലസൗകര്യവും സംവിധാനങ്ങളുമുള്ള മൂന്നാം നിരയിലെ സീറ്റുകളാവും വാഹനത്തിന്റെ പ്രധാന സവിശേഷതയായി ഹോണ്ട അവതരിപ്പിക്കുക.

1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും വാഹനത്തിന് കരുത്ത് പകരുന്നത്. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുപുറമെ പെട്രോൾ എൻജിനിൽ ഓപ്ഷണലായി സി.വി.റ്റി ഗീയർബോക്സും കാണും. 10 മുതൽ 15 ലക്ഷം രൂപവരെയാവും വിവിധ വകഭേതങ്ങൾക്ക് നിശ്ചയിക്കുന്ന വില.