പശുവിനു മാത്രമല്ല പോത്തിനേയും അറുക്കാന്‍ പാടില്ല; മുഴുവന്‍ അറവുശാലകളും പൂട്ടണം അല്ലെങ്കില്‍ ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ വെട്ടുമെന്നും’ ഹിന്ദു മഹാസഭ

single-img
30 October 2015

hinduപശുവിനു മാത്രമല്ല പോത്തിനേയും അറുക്കാന്‍ പാടില്ലെന്ന്  ഹിന്ദു മഹാസഭ. പശുവിനു  പോത്തിനും സംരക്ഷണം വേണമെന്നും അതിനായി മുഴുവന്‍ അറവുശാലകളും പൂട്ടണമെന്നും ആവശ്യപ്പെട്ട്  രാഷ്ട്രീയ ഗോരക്ഷാ സംഘും ചേര്‍ന്ന്‍ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു.  ഇതിന്റെ ആദ്യപടിയെന്നവണം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ സമരം നടക്കും. പിന്നീട് രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ്  സമ്പൂര്‍ണ ഗോരക്ഷ എന്ന ആശയം സംഘടന മുന്നോട്ടുവെച്ചത്.

രണ്ടു ഘട്ടങ്ങളിലായാണ് സമരം നടത്തുകയെന്ന് രാഷ്ട്രീയ ഗോരക്ഷാസംഘ് ദേശീയ അധ്യക്ഷന്‍ സ്വാമി ജനാര്‍ദന്‍ദേവ് പറഞ്ഞു. ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ ഒടിക്കും’ എന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും ഒന്നോ രണ്ടോ അറവുശാലകളിലെങ്കിലും പോയി പശുക്കളെ കൊല്ലരുതെന്ന് ‘കൈകൂപ്പി’ അഭ്യര്‍ഥിക്കും. നടന്നില്ലെങ്കില്‍ രണ്ടാംഘട്ടമാണ് ‘കൈയെടുക്കല്‍’. ആദ്യഘട്ടത്തിന് സ്വാമി ജനാര്‍ദന്‍ദേവും രണ്ടാംഘട്ടത്തിന് ദ്വാരക സൂര്യപീഠിലെ ജഗദ്ഗുരു കൃഷന്‍ദേവാനന്ദ് ഗിരിജി മഹാരാജും നേതൃത്വംനല്‍കുക.

ഗോവധ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ഹിന്ദു മഹാസഭാ ദേശീയഅധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രനിയമമില്ലാത്തത് ഗോവധം നടത്തുന്നവര്‍ക്ക് രക്ഷയാവുകയാണ്. അതിനാല്‍ സമ്പൂര്‍ണ ഗോവധ നിരോധനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ഗോവധ നിരോധന നിയമം പാസാക്കണം.

കേരളവും ബംഗാളും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുംമാത്രമാണ് ഗോവധ നിരോധനനിയമം നടപ്പാക്കാത്തതെന്ന് ഹിന്ദു മഹാസഭാഭാരവാഹികള്‍ പറഞ്ഞു. കേരള ഹൗസിലെ ബീഫ് വിഷയത്തില്‍ പരാതിപ്പെട്ട വിഷ്ണുഗുപ്തയെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. പോലീസില്‍ പരാതിപ്പെട്ടാല്‍ ജയിലിലടയ്ക്കുമെങ്കില്‍ നൂറാംനമ്പര്‍ സംവിധാനം എടുത്തുകളയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.