ചൈന ഒറ്റക്കുട്ടി നയം പിന്‍വലിക്കുന്നു; ഇനി ദമ്പതിമാള്‍ക്ക് രണ്ടുകുഞ്ഞുങ്ങളാകാം

single-img
30 October 2015

babyബെയ്ജിങ്: ചൈന 1979-ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം പിന്‍വലിക്കുന്നു. ഇനി ദമ്പതിമാള്‍ക്ക് രണ്ടുകുഞ്ഞുങ്ങളാകാമെന്ന് ബെയ്ജിങ്ങില്‍ ചേര്‍ന്ന നാലുദിവസത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ തീരുമാനമായി.  അടുത്തവര്‍ഷം തീരുമാനത്തിന് ഭരണഘടനാ അംഗീകാരം ലഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക കുതിച്ചുചാട്ടത്തിന് സഹായമായി എന്ന് അധികൃതര്‍ വിലയിരുത്തിയ നയമാണ് ഇതോടെ കാലഹരണപ്പെടുന്നത്.

ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചൈന ഒറ്റക്കുട്ടിനയം കര്‍ശനമാക്കിയത്. 36 വര്‍ഷമായി തുടരുന്ന നയംമൂലം ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രായമേറിയവരായിമാറി. തൊഴില്‍ശക്തിയിലും ഗണ്യമായ കുറവുണ്ടായി. ഇതാണ് നയം പുനഃപരിശോധിക്കാനിടയാക്കിയത്.

2013-ല്‍ നഗരങ്ങളില്‍ ദമ്പതിമാര്‍ക്ക് നിബന്ധനകളോടെ രണ്ടുകുഞ്ഞുങ്ങള്‍ വരെയാകാമെന്ന് നിയമത്തില്‍ ഇളവുവരുത്തിയിരുന്നു. പിന്നീട് ഗ്രാമങ്ങളില്‍ ആദ്യത്തേത് പെണ്‍കുഞ്ഞെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് അനുമതി നല്‍കി.  എന്നാലിവയൊന്നും വേണ്ടത്ര വിജയകരമല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഒറ്റക്കുട്ടിനയം ലംഘിക്കുന്നവര്‍ക്ക് തൊഴില്‍നിഷേധം, പിഴ, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകളാണ് നല്‍കിയിരുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ ഈ നയം കൊണ്ട് കഴിഞ്ഞ 36 വര്‍ഷത്തിനിടെ തടഞ്ഞത് 40 കോടി ജനനമാണ്.  ഇതോടെ ആണ്‍-പെണ്‍ അനുപാതം അസന്തുലിതമായി കഴിഞ്ഞു. രാജ്യത്തെ 30 ശതമാനവും 50 വയസ്സ് പിന്നിട്ടതാണ് ചൈന നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതിനൊക്കെ പരിഹാരമായിട്ട് ചൈന ജനനനിരക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നത്.