മുസ്ലീം ബാർബർ ചൊവ്വാഴ്ച കടയടക്കാത്തതിന്റെ പേരിൽ കലാപം.ഹിന്ദുമത വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ബജറംഗദൾ

single-img
29 October 2015

_9811ceb2-7d7f-11e5-ba56-8cfa9414553dമാംഗളൂർ: മുസ്ലീം യുവാവിന്റെ ബാർബർ ഷോപ്പ് ചൊവ്വാഴ്ച തുറന്ന് പ്രവർത്തിച്ചതിന്റെ പേരിൽ കലാപം. മംഗലാപുരത്തിനടുത്ത് നെല്ലിയാഡി ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഹിന്ദു മത വിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ദിവസം ഹിന്ദുക്കൾ മുടിവെട്ടാറില്ല. മതവികാരത്തെ മാനിച്ചില്ല എന്ന പേരിലാണ് സൽമാനെ കൈയ്യെറ്റം ചെയ്തത്. ഇതിന് പ്രതികാരമായി മുസ്ലീം സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘം തിരിച്ചടിച്ചതോടെ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട സംഘർഷം പോലീസ് എത്തി നിയന്ത്രണ വിധേയമാക്കി. ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

സൽമാൻ ആദ്യ കാലങ്ങളിൽ ചൊവ്വാഴ്ചകളിൽ കട അടച്ചിടുമായിരുന്നു എന്നും ഹിന്ദുക്കളോട് മാന്യമായി പെറുമാറിയിരുന്നും എന്ന് ബജ്റംഗ് ദേൽ നേതാവ് രവി ബല്യ പറയുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കൾ ഹിന്ദുക്കൾക്കെതിരെ തിരിയാൻ സൽമാനെ തുടരെത്തുടരെ പ്രലോഭിപ്പിക്കുകയായിരുന്നെന്നും ബല്യ ആരോപിച്ചു.

പ്രദേശത്തെ ബാർബർ ഷോപ് അസോസിയേഷൻ നേതാവ് ഉദയ്കുമാർ, സൽമാന്റെ ബാർബർ ഷോപ്പിലെത്തി ചൊവ്വാഴ്ച ദിവസമായതിനാൽ കടയടക്കണമെന്ന് ആവശ്യപെട്ടു. എന്നാൽ സൽമാനും കടയിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഉദയ് കുമാറിനെ അപമാക്കുകയായിരുന്നുവെന്നും സംഭവത്തിൽ രോഷാകുലരായ ഹിന്ദുക്കൾ പ്രതികരിക്കുകയായിരുന്നു എന്നും നെല്ലിയാഡി വിശ്വ ഹിന്ദു പരിഷിധ് നേതാവ് തുക്രപ്പ ഷെട്ടി പറയുന്നു.

രവി ബല്യയുടെ നേതൃത്വത്തിലെത്തിയ സംഘം സൽമാന്റെ ബാർബർ ഷോപ്പും നെല്ലിയാഡി മുസ്ലീം ജുമാ മസ്ജിദിന് സമീപമുള്ള മറ്റ് മുസ്ലീംങ്ങളുടെ കടകളും അക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി പോപ്പുലർ ഫ്രണ്ടിന്റെ മറ്റൊരു സംഘമെത്തി തിരിച്ചടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് ഇരു സമുദായങ്ങളിലേയും ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിയാഡിയിലും സമീപ മേഖലകളിലും പോലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടകയിലെ തീരമേഖലകളായ ഇവിടങ്ങളിൽ ഈ വർഷം മാത്രം 150ൽപ്പരം വർഗീയ സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.