കേരള ഹൗസിലെ പൊലീസ് റെയ്ഡ്; കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു

single-img
29 October 2015

RAJNATHന്യൂ ഡല്‍ഹി: മാട്ടിറച്ചി വിളമ്പിയെന്ന അരോപിച്ച് കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ കനത്ത പ്രതിഷേധത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിച്ചത്. ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ഖേദം പ്രകടിപ്പിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സിയോട് ഇത്തരം പരാതികള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓരോ നടപടികളിലും ജാഗരൂകരായിരിക്കണമെന്ന് ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കേരള ഹൗസില്‍ ഗോ മാംസം വിളമ്പുന്നുവെന്ന് വ്യാജപരാതി നല്‍കിയ ഹിന്ദു സേന നേതാവിനെതിരെ കര്‍ശന നടപടി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും രാജ്‌നാഥ് സിംഗ് അവകാശവാദം ഉന്നയിച്ചു.

അനുവാദമില്ലാതെ കേരള ഹൗസില്‍ പ്രവേശിച്ച ഡല്‍ഹി പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുതിയിരുന്നു. റസിഡന്റ് കമ്മീഷണറുടെ അനുവാദത്തോടെ മാത്രമേ കേരള ഹൗസില്‍ പ്രവേശിക്കാവൂ എന്ന ചട്ടം പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌