ബാര്‍ കോഴക്കേസില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു?

single-img
29 October 2015

vincent-m-paulതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു. തന്റെ അന്തിമ റിപ്പോര്‍ട്ട് മരവിപ്പിച്ച് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍റ് എം. പോള്‍ അവധിക്ക് അപേക്ഷ നല്‍കി. മാണിയെ കുറ്റവിമുക്തനാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളി നിയമോപദേശം തേടിയതിന് കോടതിയില്‍ വിശദീകരണം നല്‍കുകയും വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ നിലപാട് തള്ളിയ കോടതി വിധി കനത്ത തിരിച്ചടിയായി. തല്‍സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഫോണില്‍ വിളിച്ച് അറിയിച്ചു.

നവംബര്‍ 30ന് സര്‍വീസ് കാലാവധി അവസാനിക്കാനിരിക്കേയാണ് അവധിയില്‍ പ്രവേശിക്കാന്‍ വിന്‍സന്‍റ് എം. പോള്‍ തീരുമാനിച്ചത്. സുതാര്യതയ്ക്കായി ചില സമയങ്ങളില്‍ മാറിനില്‍ക്കേണ്ടിവരും. ധാര്‍മ്മികതയുടെ പേരിലാണ് മാറിനില്‍ക്കുന്നത്. എന്നാല്‍ തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധം തോന്നുന്നില്ല. വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാനമൊഴിയുന്നതിനോട് വിന്‍സെന്‍റ് എം. പോള്‍ പ്രതികരിച്ചു.

ബാര്‍ കേസിന്റെ അന്വേഷണത്തില്‍ ഒരു ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദ​മോ ഇടപെടലോ ഉണ്ടായിട്ടില്ല. വിജിലന്‍സി​ന്റെ സത്പേരിന് ഒരു മങ്ങലും ഉണ്ടാകാന്‍ പാടില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് സ്വമേധയാ ഒഴിയുകയാണെന്നും അദ്ദേഹം പത്ര കുറിപ്പില്‍ പറയുന്നു.   കേസില്‍ സത്യവും നീതിയും പുലരുന്നതിനൊപ്പം ജനങ്ങളുടെ വിശ്വാസ്യതയും പ്രധാനമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. നിയമത്തിനുള്ളില്‍ നിന്നു​കൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അത് എവിടെയും പറയാന്‍ ആര്‍ജ്ജവമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.