പാകിസ്താനിലെ ഇന്ത്യയുടെ ഹൈ കമ്മീഷണര്‍ പങ്കെടുക്കേണ്ട പരിപാടി അവസാന നിമിഷം റദ്ദാക്കി;ശിവസേനയുടെ പരാക്രമത്തിനെതിരായ പ്രതിഷേധമെന്ന് സംശയം

single-img
29 October 2015

raghavanകറാച്ചി: ശിവസേനയുടെ പരാക്രമത്തിന് മറുപടിയുമായി പാകിസ്താന്‍. പാകിസ്താനിലെ ഇന്ത്യയുടെ ഹൈ കമ്മീഷണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും ക്ലബ് അവസാന നിമിഷം പിന്മാറി.  ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ടി.സി.എ രാഘവന്‍ പങ്കെടുക്കുന്ന പരിപാടിക്ക് ആതിഥ്യമരുളാനികില്ലെന്ന് കാണിച്ച് കറാച്ചിയിലെ പ്രസിദ്ധ സിന്ധ്  ക്ലബ് പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നു.

ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കി കൊണ്ടാണ് പാകിസ്താനില്‍ പുതിയ സംഭവവികാസം അരങ്ങേറിയത്. കറാച്ചിയിലെ ഏറ്റവും പഴക്കം ചെന്ന പേരും പെരുമയുമുള്ള സിന്ധ് ക്ലബ് കാരണങ്ങള്‍ വിശദീകരിക്കാതെയാണ് ഇന്ത്യന്‍ സ്ഥാനപതി പങ്കെടുക്കുന്ന പരിപാടിയില്‍ ഭാഗമാവാന്‍ പറ്റില്ലെന്നറിയിച്ചത്.

ടി.സി.എ രാഘവനും ഭാര്യയും പരിപാടിയില്‍ പങ്കെടുക്കാനായി കറാച്ചിയിലെത്തിയ ശേഷമാണ് പരിപാടി നടത്താനാവില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചത്. പാകിസ്താന്‍ ഇന്ത്യ സിറ്റിസന്‍ ഫ്രണ്ടഷിപ്പ് ഫോറം എന്ന സംഘടനയാണ് ഇന്ത്യന്‍ സ്ഥാനപതിയെ മുഖ്യാഥിതിയായി പരിപാടിയിലേക്ക് ക്ഷണിച്ചത്. പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ പേരക്കുട്ടിയായ ലിയക്വറ്റ് മര്‍ച്ചന്റാണ് സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍. പരിപാടിയില്‍ മുഖ്യപ്രാസംഗികനായി മര്‍ച്ചന്റും എത്തുന്നുണ്ടായിരുന്നു.

ഹൈക്കമ്മീഷണര്‍ അടക്കം അതിഥികള്‍ക്കെല്ലാം സിന്ധ് ക്ലബില്‍ പരിപാടി നടക്കുന്നത് കാണിച്ച് ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിക്കായി എത്തിയ ടി.സി.എ രാഘവനോട് പരിപാടി നടത്താനാവില്ലെന്ന് കാണിച്ച് ക്ലബ് അധികൃതര്‍ പിന്മാറിയതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.

സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാക്ക് അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ക്ലബ് പരിപാടിയില്‍ നിന്ന് പിന്മാറിയതെന്നത് സംബന്ധിച്ച് ഉൗഹാപോഹങ്ങള്‍ക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാല്‍ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി വേണ്ടെന്നുവെച്ചതിലുള്ള പ്രതിഷേധമാണ് പുറത്ത് വന്നതെന്ന് സംശയിക്കുന്നുമുണ്ട്.