മോദിയുടെ വിദേശ നയത്തിലെ വീഴ്ച; ഇന്ത്യക്ക് നല്ല അയല്‍ക്കാരെ നഷ്ടമാകുന്നു; ഇന്ത്യയെ തള്ളി നേപ്പാള്‍ ചൈനയുമായി ഇന്ധന വ്യാപാര കരാറില്‍ ഒപ്പിട്ടു

single-img
29 October 2015

crude-oil-barrelsരാജ്യത്ത് മൊത്തമായി എണ്ണ വിതരണം ചെയ്തിരുന്ന ഇന്ത്യയെ പുറത്താക്കി നേപ്പാള്‍ ചൈനയുമായി കരാറിലെത്തി. ഇതോടെ നേപ്പാളില്‍ ഇന്ധന വിതരണത്തില്‍ ഇന്ത്യക്കുണ്ടായിരുന്ന മെല്‍ക്കോയ്മ നഷ്ടപ്പെട്ടു. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ എല്ലാം ധാരണയില്‍ എത്തിയതായി നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നേപ്പാളിന് ചൈന അന്താരാഷ്ട്ര വിപണി വില അനുസരിച്ച് എണ്ണ എത്തിച്ചു കൊടുക്കും.

ഇത് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വിലക്കുറവാണ്. കാലക്രമേണ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പൂർണമായും വേണ്ടെന്നുവെക്കാൻ പോലും ഇത് നേപ്പാളിനെ പ്രേരിപ്പിച്ചേക്കും. നേപ്പാളിന്റെ ഇന്ധനാവശ്യത്തിന്റെ മൂന്നിലൊന്നാകും തുടക്കത്തിൽ ചൈന നൽകുക. ഇതോടെ 15000  കോടിയുടെ കരാറാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്.

പുതിയ ഭരണഘടനയെച്ചൊല്ലി ഇന്ത്യൻ അതിർത്തിയിൽ അടുത്തിടെയുണ്ടായ റോഡ് ഉപരോധങ്ങളാണ് നേപ്പാളിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിലെ വീഴ്ചയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അന്നത്തെ ഉപരോധത്തില്‍ നേപ്പാള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. നേപ്പാളുമായി കരാറിലെത്തിയതോടെ ചൈനയുടെ കാലങ്ങളായുള്ള ശ്രമമാണ് ഇതോടെ വിജയം കണ്ടത്.  ഒരു രാജ്യത്തിന്റേ കൈയ്യില്‍ നിന്നു മാത്രം എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുകയാണെന്നും നേപ്പാള്‍ അറിയിച്ചു.

ആരിൽനിന്ന് ഇന്ധനം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നേപ്പാളിനുണ്ടെന്നാണ് കരാറിനെക്കുറിച്ച് ഇന്ത്യയുടെ ആദ്യ പ്രതികരണം. ഇന്ത്യയല്ല ഉപരോധത്തിന്റെ പിന്നിലെന്നും വക്താവ് അറിയിച്ചു

മാധേശി പാർട്ടികളും നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഭരണഘടനയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.   ഇന്ത്യയിൽനിന്നുള്ള റോഡ് ഗതാഗതം ഉപരോധിച്ചതോടെ, ഇന്ധനനീക്കം നിലച്ചു. ഇന്ത്യയുടെ പിന്തുണയോടെയാണ് മാധേശി പാർട്ടികൾ സമരത്തിനിറങ്ങിയതെന്നാണ് നേപ്പാൾ ആരോപിക്കുന്നത്.