കേന്ദ്ര സര്‍ക്കാരിനെതിരെ ശാസ്ത്രലോകവും ; കേന്ദ്രത്തിന്റെ ശാസ്ത്രത്തിനും യുക്തിചിന്തക്കുമെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ തിരിച്ചു നല്‍കുമെന്ന് പി എം ഭാര്‍ഗവ

single-img
29 October 2015

bhargavaചെന്നൈ: പദ്മ ഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി പ്രശസ്ത ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ. യുക്തിയേയും ശാസ്ത്രത്തെയും ചോദ്യം ചെയ്ത് രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ച സാഹിത്യകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇദ്ദേഹം പദ്മഭൂഷണ്‍ പുരസ്കാരം  തിരിച്ചു നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രത്തിനും യുക്തിചിന്തക്കുമെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ തിരിച്ചു നല്‍കുമെന്ന് പി എം ഭാര്‍ഗവ അറിയിച്ചു. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ്   ഭാര്‍ഗവ.  എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പിഎം ഭാര്‍ഗവയുടെ തീരുമാനം.

ശാസ്ത്രത്തിന് ലഭിച്ച 100 കണക്കിന് അവാര്‍ഡുകള്‍ക്കിടയില്‍ ഏറ്റവും സ്ഥാനമുള്ള അവാര്‍ഡാണ് പദ്മഭൂഷണ്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മതമൗലിക വാദത്തെ തുടര്‍ന്ന് പുരസ്‌കാരം കൈയ്യില്‍ സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പ്രതിഷേധ സൂചകമായി തിരിച്ചു നല്‍കുകയാണെന്നും പിഎം ഭാര്‍ഗവ പറഞ്ഞു. യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളില്‍ പ്രതിഷേധമറിയിക്കുമെന്ന് കരുതുന്നതായും ഭാര്‍ഗവ പ്രത്യാശ പ്രകടിപ്പിച്ചു.