ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

single-img
29 October 2015

abu-qasimന്യൂഡല്‍ഹി:   ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.  ഉധംപുര്‍ ആക്രമണത്തിനു പിന്നിലെ പ്രധാനിയാണ് അബു ഖാസിം. ദക്ഷിണ കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായാണ്  തെരച്ചില്‍ നടത്തിയത്. ഇയാളുടെ തലക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

ആഗസ്റ്റ് 5ന് ഉധംപൂരില്‍ ലഷ്കര്‍ ഇ തൊയ്ബ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും നവീദ് എന്ന പാക് ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു.കശ്മീരില്‍ സുരക്ഷാ സൈനികരുമായുണ്ടായ നിരവധി പ്രധാന ആക്രമണങ്ങളില്‍ പങ്കെടുത്ത ഇയാള്‍ക്കായി രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും ഏറെക്കാലമായി അന്വേഷണങ്ങള്‍ നടത്തിയിരുന്നു.

2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 11 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീര്‍ പൊലീസിലെ മികച്ച തീവ്രവാദ പ്രതിരോധ പൊലീസ് ഓഫീസര്‍ അല്‍താഫ് അഹ്മദിനെ വധിച്ചതിനു പിന്നിലും ഖാസിം പ്രവര്‍ത്തിച്ചിരുന്നു. അബു ഖാസിമിനെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ബന്ദിപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അല്‍താഫിനെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടമായിരുന്നു.