കല്‍ബുര്‍ഗി വധക്കേസ്; പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി

single-img
29 October 2015
പോലീസ് തയ്യാറാക്കിയ പ്രതിയുടെ രേഖാച്ചിത്രവും കൊല്ലപ്പെട്ടയാളും

പോലീസ് തയ്യാറാക്കിയ പ്രതിയുടെ രേഖാച്ചിത്രവും കൊല്ലപ്പെട്ടയാളും

ബെംഗളൂരു: കന്നഡ  സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.  കഴിഞ്ഞ 18ന് ബെലഗാവിയിലെ ഖനാപുര്‍ വനത്തില്‍  മൃതദേഹം കണ്ടെത്തിയതെങ്കിലും പോലീസ് ബുധനാഴ്ച മാത്രമാണ് വിവരം പുറത്തുവിട്ടത്.

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പോലീസ് തയ്യാറാക്കിയ പ്രതിയുടെ രേഖാച്ചിത്രത്തോട് കൊല്ലപ്പെട്ടയാള്‍ക്ക് സാമ്യമുണ്ട്. മൃതദേഹം സര്‍ക്കാര്‍ ആശു​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ അടുത്തുനിന്ന് വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്.

ധാര്‍വാര്‍ഡിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ ആഗസ്ത് 30-നാണ് കല്‍ബുര്‍ഗിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചുകൊന്നത്. ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് രേഖാച്ചിത്രം തയ്യാറാക്കിയത്. രണ്ടുപേരുടെ രേഖാച്ചിത്രത്തില്‍ ഒന്നിനോടാണ് മൃതദേഹത്തിന് സാമ്യമുള്ളത്.

മൃതദേഹത്തിന് അവകാശികളാരും എത്തിയിട്ടില്ല.  മഹാരാഷ്ട്രയില്‍ പുരോഗമന ചിന്തകരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. തീവ്ര ഹിന്ദുസംഘടനയായ സനാതന്‍ സന്‍സ്ഥയെ കേന്ദ്രീകരിച്ചാണ് മൂന്ന് കൊലപാതകക്കേസുകളും അന്വേഷിക്കുന്നത്.