എൽ.ജിയുമായി ചേർന്ന് ജനറൽ മോട്ടോഴ്സിന്റെ കൂടുതൽ കാര്യക്ഷമതയുള്ള ഇലക്ട്രിക്ക് കാർ

single-img
28 October 2015

carവാഹന നിർമാണത്തിലെ അഗ്രഗണ്യരായ ജനറൽ മോട്ടോഴ്‌സും (ജി.എം) ഇലക്ട്രോണിക്സ് വിദഗ്ദ്ധരായ എൽ.ജിയും ഒരുമിച്ച് നിർമിച്ച ഇലക്ക്ട്രിക്ക് കാർ വരുന്നു. ഷെവർലെയുടെ വിശ്വപ്രശസ്തമായ ഇലക്ട്രിക്ക് കാർ ബോൾട്ടിന്റെ കാര്യക്ഷമതയേറിയ പുതിയ മോഡലിന്റെ നിർമാണത്തിനായാണ് ഇരുവരും കൈകോർത്തത്.

ഷെവർലെ ബോൾട്ട് ഇ.വി 2017 എന്ന വൈദ്യുത കാർ ഒരു തവണ ചാർജ് ചെയ്താൽ 321 കിലോമീറ്ററോളം ഓടാൻ തക്ക ക്ഷമതയുള്ളതാണ്. 2016 അവസാനത്തോടെ മിഷിഗണിലെ ജനറൽ മോട്ടോഴ്‌സ് പ്ലാന്റിൽ ഇത് നിർമിച്ചുതുടങ്ങും. 2017 മുതൽ വിപണിയിലെത്തും.

ലിഥിയം ബാറ്ററി പാക്ക്, പവർ ഇൻവർട്ടർ മോഡ്യൂൾ, പവർ ലൈൻ കമ്മ്യൂണിക്കേഷൻ മോഡ്യൂൾ, ഓൺബോർഡ് ചാർജർ, ക്ലൈമെറ്റ് കണ്‍ട്രോൾ ഇലക്ട്രിക് കംപ്രസ്സർ, ഇൻഫോടെയിൻമെന്റ് സംവിധാനം തുടങ്ങി ഈ കാറിന്റെ ഒട്ടേറെ ഘടകങ്ങൾ എൽ.ജി. വികസിപ്പിച്ചതാണ്.

ജനവരിയിൽ നടന്ന നോർത്ത് അമേരിക്കൻ ഇന്റർനാഷണൽ ഓട്ടോഷോയിലാണ് ഷെവർലെ ബോൾട്ട് ഇ.വി 2017 അവതരിപ്പിച്ചത്. ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ എൽ.ജിക്കുള്ള മികവ് പരമാവധി ഈ വാഹനത്തിലും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ മോട്ടാഴ്‌സ് ഗ്ലോബൽ  പ്രോഡക്ട് ഡെവലപ്‌മെന്റ്  മേധാവി മോർക്ക് റീയൂസ് പറഞ്ഞു.

എൽ.ജിയുമായി മുമ്പും ജനറൽ മോട്ടോഴ്‌സ് പ്രവർത്തിച്ചിട്ടുണ്ട്. ഷെവൈർലെ വോൾട്ട്, സ്പാർക്ക്  ഇവി എന്നീ വാഹനങ്ങൾക്കുള്ള ലിഥിയം അയൺ സെല്ലുകെൾ എൽ.ജി.യാണ് വികസിപ്പിച്ചത്. ഈ വാഹനങ്ങൾക്ക് ലഭിച്ച നല്ല പ്രതികരണമാണ് എൽ.ജിയുമായി വിപുലമായി പ്രവർത്തിക്കാൻ ജി.എമ്മിനെ പ്രേരിപ്പിച്ചത്.

30,000 ഡോളർ (ഏകദേശം 20 ലക്ഷം രൂപ) മുതലാവും ബോൾട്ട് ഇ.വി 2017ന്റെ വില പ്രതീക്ഷിക്കുന്നത്.