സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും വെട്ടിക്കുറച്ചു; എയര്‍ ഇന്ത്യയുടെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചു

single-img
28 October 2015

Air-expressതിരുവനന്തപുരം:  എയര്‍ ഇന്ത്യയുടെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചു.  സ്ഥാനക്കയറ്റം മരവിപ്പിച്ചതാണ് ഇതിന് കാരണം. തുടര്‍ന്ന് ഒട്ടേറെ ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആറുമാസത്തിനിടയിലാണ് ഇവര്‍ ഘട്ടംഘട്ടമായി രാജിവെച്ചത്. ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ വിദേശപൈലറ്റുകളെ എത്തിക്കാന്‍ ശ്രമംതുടങ്ങി. ഇതും പൈലറ്റുമാരെ ചൊടിപ്പിച്ചിരിക്കുകയാണ്.

അഞ്ചുവര്‍ഷത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച പൈലറ്റുമാരെ എയര്‍ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ അവര്‍ തിരികെ പ്രവേശിച്ചില്ല. പകരം സ്വകാര്യ വിമാനക്കമ്പനികളില്‍ ചേര്‍ന്നതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചു. പൈലറ്റുമാര്‍ അത് കൈപ്പറ്റാതെ മറ്റ്  വിമാനക്കമ്പനികളില്‍ ജോലിക്കുകയറി. ഇതോടെയാണ് എയര്‍ ഇന്ത്യ വിദേശ പൈലറ്റുകളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എയര്‍ ഇന്ത്യയിലെ ജോലി ഒഴിഞ്ഞത്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലാഭകരമായ പല സര്‍വീസുകളും ശൈത്യകാല ഷെഡ്യൂളിന്റെ മറവില്‍ നിര്‍ത്തലാക്കി. സീനിയര്‍ പൈലറ്റുമാര്‍ക്ക് എട്ടുലക്ഷവും സഹ പൈലറ്റിന് മൂന്നുലക്ഷം വരെയുമായിരുന്നു ശമ്പളം. എന്നാല്‍ അത് വെട്ടിക്കുറച്ചതോടെയാണ് പലരും അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

എയര്‍ ഇന്ത്യയെക്കാളും മുന്തിയ വേതനമാണ് പൈലറ്റുമാര്‍ക്ക് സ്വകാര്യകമ്പനികള്‍ നല്‍കുന്നത്. രാജ്യാന്തരസര്‍വീസില്‍ അഞ്ചുവര്‍ഷം പിന്നിട്ടവരെ നിലനിര്‍ത്താതെ എയര്‍ ഇന്ത്യ തഴഞ്ഞിരുന്നു. സ്വകാര്യകമ്പനികളില്‍ സഹ പൈലറ്റായി ജോലിയില്‍ കയറുന്നവര്‍ക്ക് ഏഴുമാസം കഴിയുമ്പോള്‍ പൈലറ്റായി സ്ഥാനക്കയറ്റം നല്‍കും. എന്നാല്‍ എയര്‍ ഇന്ത്യ രണ്ടരവര്‍ഷം കഴിഞ്ഞാലും സ്ഥാനക്കയറ്റം നല്‍കാറില്ല.