സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ സജി തോമസിനെ ഡിസ്‌കവറി ചാനല്‍ ആദരിക്കുന്നു

single-img
27 October 2015

SKY

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജിക്ക് ദാരിദ്ര്യം കാരണം ഏഴാം ക്ലാസില്‍ പഠനമുപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ന് സജിയെ കാണാനെത്തുന്നവരില്‍ കൂടുതലും എഞ്ചിനീയര്‍മാരാണ്. അംഗപരിമിതനായിട്ടും സ്വന്തമായി ഒരു വിമാനം നിര്‍മിച്ചു പറപ്പിച്ച് അഭ്ഭുതപ്പെടുത്തിയ സജിഡിസ്‌ക്കവറി ചാനലിലൂടെ സജി വീണ്ടും ലോകത്തിനു മുന്നിലേക്കെത്തുകയാണ്.

പ്രാരാബ്ധങ്ങളോടും വെല്ലുവിളികളോടും ഏറ്റുമുട്ടി വിജയം വരിച്ച ഒമ്പതു ഹീറോകളെ ഡിസ്‌കവറി ചാനല്‍ ആദരിക്കുന്നതിന്റെ ഭാഗമായി എച്ച്ആര്‍ എക്‌സ് ഹീറോസ് എന്ന പ്രോഗ്രാമിലാണ് തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന്‍ സജി തോമസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സ്വന്തമായി വിമാനം നിര്‍മിച്ചു പറപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ സജിയെ പോലുള്ള ശാരീരികമായും മാനസികമായും സാമ്പത്തികമായും തളര്‍ച്ച നേരിട്ടിട്ടും വിധിയോടു പടപൊരുതി ജീവിതത്തില്‍ വിജയം വരിച്ച ഈ ഹീറോകള്‍ മറ്റുള്ളവര്‍ക്കു പ്രചോദനമാണെന്ന് പരിപാടിയുടെ അവതാരകന്‍ ഹൃത്വിക് റോഷന്‍ പറയുന്നു.

കുട്ടിക്കാലത്തെ തന്റേതായൊരു ലോകത്തായിരുന്നു സജി. നിശബ്ദതയായിരുന്നു ഓര്‍മയുറച്ച കാലം മുതല്‍ സജിക്കു ചുറ്റുമെങ്കിലും തന്റെ മുന്നില്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കാണുമ്പോള്‍ സജിയുടെ ആകാംക്ഷ വര്‍ദ്ധിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി മനസിലാക്കി അതുപോലെ ഒരെണ്ണം നിര്‍മിക്കുകയെന്നുള്ളതായിരുന്നു സജിയുടെ കുട്ടിക്കാലത്തെ വിനോദം.

വീട്ടിലെ സാഹചര്യങ്ങളും വൈകല്യങ്ങളും കാരണം എഴാം ക്ലാസില്‍ സജിയുടെ വിദ്യാഭ്യാസം നിലച്ചു. പിന്നെ സ്‌കൂളിലേക്കു പോയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യാഭ്യാസവും സജി നേടിയിട്ടില്ല. പക്ഷേ ഇന്ന് സജിയെ കാണാന്‍ വരുന്നവരില്‍ കൂടുതലും എന്‍ജിനിയര്‍മാരാണെന്നുള്ളതാണ് സത്യം.