മന്മോഹന്‍ സര്‍ക്കാരിന്റെ നയങ്ങളും പശുവും കൂടി ചേര്‍ന്നതാണ് മോദിസര്‍ക്കാര്‍;ജനങ്ങള്‍ ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ വില മനസിലാക്കി തുടങ്ങിയെന്ന്‍ ബി.ജെ.പി നേതാവ് അരുണ്‍ ഷൂരി

single-img
27 October 2015

Arun_SHOURIEന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി  ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നതിനു പുറമെ, പശു കൂടി കടന്നുവന്നു എന്നതാണ് പുതിയ നയം. സര്‍ക്കാരിന്റെ സാമ്പത്തികനയം തലക്കെട്ടുകള്‍ക്കു വേണ്ടി മാത്രമാണെന്ന് അവര്‍പോലും വിശ്വസിക്കുന്നുവെന്ന് ഷൂരി കുറ്റപ്പെടുത്തി.

‘അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇത്രയധികം കേന്ദ്രീകരിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പക്ഷെ, ഇത്രയും ദുര്‍ബലമായ പി.എം. ഒ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും ജനങ്ങള്‍ ഇപ്പോള്‍ മന്‍മോഹന്‍ സിംഗിനെ ഓര്‍ത്തു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

‘നികുതി മേഖലയില്‍ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ബാങ്കിംഗ് പരിഷ്‌കാരം ഒരു കാരണവുമില്ലാതെ ഒന്നര വര്‍ഷം നീട്ടിക്കൊണ്ടു പോയി. ആമയോടാണ് ഈ സര്‍ക്കാരിനെ ഉപമിക്കാനാവുക. അതും ഉറങ്ങിക്കിടക്കുന്ന ആമയോട്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വ്യവസായികള്‍ സത്യം പറയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന അവര്‍ എന്തെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. എന്നിട്ട് പുറത്തുവന്ന് പത്തില്‍ ഒമ്പതു മാര്‍ക്ക് സര്‍ക്കാരിനു നല്‍കുകയും ചെയ്യുമെന്ന് ഷൂരി പറഞ്ഞു.