ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം; മരണം 280 കവിഞ്ഞു

single-img
27 October 2015

earthquakeന്യൂഡല്‍ഹി/പെഷവാര്‍/കാബൂള്‍: ദക്ഷിണേഷ്യ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ പാകിസ്താനില്‍ 200 പേരും അഫ്ഗാനില്‍ 75 പേരും ദുരന്തത്തില്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. ഉത്തരേന്ത്യയേയും ഭൂചലനം പിടിച്ചുകുലുക്കി. എന്നാല്‍ ഇന്ത്യയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ കൊച്ചിയിലും പ്രകമ്പനമുണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിഭൂകമ്പസാധ്യതാ മേഖലയായ അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വതനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പാകിസ്താനില്‍ പര്‍വതമേഖലകളിലാണ് ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചത്. ഖൈബര്‍ പക്തുണ്‍ക്വയിലും ഫത്തായിലുമായി ഇരുന്നൂറിലധികം പേര്‍ മരിച്ചതു. പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചും ഗില്‍ജിത് ബലിതിസ്താനില്‍ മൂന്നും പാക് അധിനിവേശകശ്മീരില്‍ ഒന്നും മരണങ്ങളുണ്ടായി. വിദൂരപര്‍വതമേഖലകളുമായുള്ള വാര്‍ത്താവിനിമയബന്ധം നിലച്ചതിനാല്‍ ആളപായത്തിന്റെയും നാശനഷ്ടങ്ങളുടേയും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല.

മുന്നൂറിലേറെപ്പേര്‍ വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പ്പിണ്ടി, പെഷവാര്‍, ക്വറ്റ, കൊഹാത്, മാലാകണ്ട് എന്നീ നഗരങ്ങളില്‍ ചലനം അനുഭവപ്പെട്ടു. 2005 ഒക്ടോബര്‍ എട്ടിന് ഇന്ത്യ-പാക് മേഖലയില്‍ വന്‍ ഭൂകമ്പമുണ്ടായിരുന്നു. അന്ന് ഇന്ത്യയില്‍ 1400 പേരാണ് മരിച്ചത്. കശ്മീരിലെ ബാരാമുള്ള ജില്ലയിലായിരുന്നു ദുരന്തമേറെയും.