സൗദിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ ഇനിമുതല്‍ കനത്ത പിഴ

single-img
26 October 2015

indian workers_0

സൗദി അറേബ്യയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പാകും. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും.

വേതന സുരക്ഷാ പദ്ധതിയുടെ ഒന്‍പതാം ഘട്ടമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുക. തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും നിശ്ചിത തീയതിയില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ വിവരങ്ങള്‍ എല്ലാ മാസവും തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിക്കണം. ശമ്പളം നല്‍കാന്‍ വൈകുന്ന സ്ഥാപനങ്ങളുടെ മേല്‍ മന്ത്രാലയം നടപടി സ്വീകരിക്കും.

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന്റെ ഉടമ ഓരോ തൊഴിലാളികളുടെയും പേരില്‍ 3000 റിയാല്‍ പിഴയടയ്ക്കണം. ശമ്പളം നല്‍കാന്‍ രണ്ടു മാസം വൈകിയാല്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കും. ശമ്പളം നല്‍കാന്‍ മൂന്നു മാസം താമസിക്കുന്നപക്ഷം തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകുകയും ചെയ്യും.