കടലിലിറങ്ങി കുളിക്കവെ ചുഴിയിൽപെട്ട അച്ഛനേയും മകനേയും ലൈഫ് ഗാർഡുകള്‍ രക്ഷപ്പെടുത്തി

single-img
24 October 2015

clt-guards.jpg.image.784.410

കോഴിക്കോട്: കടലിലിറങ്ങി കുളിക്കവെ ചുഴിയിൽപെട്ട അച്ഛനേയും മകനേയും  ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. മാനന്തവാടി തെറ്റയിൽ മുജീബ് (33), മകൻ നജീദ് (12) എന്നിവരാണ്  ചുഴിയിൽ നിന്നും ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂത്തമകൻ ഹർഷാദ് (14) നീന്തി കരയ്ക്കെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ബേപ്പൂരിലെ ലൈഫ് ഗാർഡായ ടി.വി. പ്രേംജിത്ത് ബീച്ച് ആശുപത്രിയിൽ രോഗിയെ കാണാൻ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്രയിലായിരുന്നു.

അപ്പോഴാണ് മൂന്നു പേർ അപകടത്തിൽ പെട്ടത് കാണുന്നത്. സുഹൃത്തിനോട് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ട ശേഷം ഉടനെ പ്രേംജിത്ത് ബീച്ചിലേക്ക് ഓടി. ഈ സമയം ബീച്ചിലെ ലൈഫ് ഗാർഡുകളായ മനോജും  ജീജീഷും കടലിലേക്ക് ചാടി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഉടനെ മുജീബിനെയും നജീദിനെയും കരയ്ക്കെത്തിച്ചു. ബീച്ചിൽ ഉന്തുവണ്ടിക്കച്ചവടം നടത്തുന്ന ആമിദും ഇവരെ സഹായിച്ചു. ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചു.

ഒരാളുടെ ശ്വാസകോശത്തിൽ നീരു കെട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ബീച്ചിൽ കോർപറേഷൻ ഓഫിസിനു മുൻ‌വശം, സൗത്ത് ബീച്ച്, ഗവ. നഴ്സിങ് സ്കൂളിനു മുൻവശം, കടൽപ്പാലത്തിനു സമീപം എന്നിവിടങ്ങളിലെല്ലാം വലിയ ചുഴിയുണ്ട്. അപകടസാധ്യത ഏറെയുള്ള ഇവിടെ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ലൈഫ് ഗാർഡുമാർ പറഞ്ഞു.

അതേസമയം, ബീച്ചിൽ വലിയ ചുഴിയുള്ളതിനാൽ അപകട സാധ്യതയുള്ള നാലു സ്ഥലങ്ങളില്‍ ബോർഡ് വയ്ക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇവിടെ ലൈഫ് ഗാർഡ് കൊടി കുത്താറുണ്ടെങ്കിൽ അതെന്തിനാണെന്നു പോലും പലർക്കും അറിയില്ല. ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഇവിടങ്ങളിൽ ഇറങ്ങുന്നത് തടയാറുമുണ്ട്. എന്നാല്‍, ബോർഡ് വെച്ചാൽ അതു ശ്രദ്ധയിൽ പെടുന്നവരെങ്കിലും ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നതിലൂടെ അപകടത്തിൽ‌ പെടുന്നത് തടയാനാകുമെന്നും നാട്ടുകാർ‌ പറഞ്ഞു.