ശ്രീനാരായണ ഗുരുദേവന്റെ ചിത്രമുള്ള സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കള്ളുഷാപ്പിന്റെ ഭിത്തിയില്‍ ഒട്ടിച്ചത് വിവാദമായി

single-img
10 October 2015

poster_sndpചേര്‍ത്തല: ശ്രീനാരായണ ഗുരുദേവന്റെ ചിത്രമുള്ള സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കള്ളുഷാപ്പിന്റെ ഭിത്തിയില്‍ പതിപ്പിച്ചത് വിവാദത്തില്‍. ചേര്‍ത്തല നഗരസഭ 20-ാം വാര്‍ഡില്‍ മത്സരിക്കുന്ന  ബിജെപി-എസ്എന്‍ഡിപി സഖ്യ സ്ഥാനാര്‍ഥിക്ക്  വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള പോസ്റ്ററാണ് സമീപത്തെ കള്ളുഷാപ്പിലെ മതിലില്‍ പതിച്ചത്. പോസ്റ്ററില്‍  ഗുരുദേവനോടൊപ്പം പ്രധാനമന്ത്രി മോദിയുടെയും സ്ഥാനാര്‍ഥിയുടെയും ഫോട്ടോയും ബിജെപിയുടെ ചിഹ്നമായ താമരയും പതിപ്പിച്ചിട്ടുണ്ട്.

ചേര്‍ത്തല 11-ാം മൈലിനു പടിഞ്ഞാറുള്ള റെയില്‍വേ ക്രോസിനു സമീപത്തെ കള്ളുഷാപ്പിന്റെ ചുവരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കള്ളുഷാപ്പ് എന്ന് എഴുതിയ ബോര്‍ഡിനു കീഴിലാണ് ഗുരുദേവന്റെ ചിത്രം അടങ്ങിയ നിരവധി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മദ്യം കുടിക്കരുതെന്നും അത് വിഷമാണെന്നും ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ പോസ്റ്റര്‍ കള്ളുഷാപ്പില്‍ പതിച്ചതാണ് വിവാദമായത്. ചേര്‍ത്തല മണ്ഡലത്തില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന ആദ്യപോസ്റ്റര്‍ ആയിരുന്നു ഇത്.

ഇതിനിടയില്‍ പോസ്റ്ററില്‍ എസ്എന്‍ഡിപി എന്ന് ചേര്‍ത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എസ്എന്‍ഡിപി സമുദായ സംഘടനയാണെന്നും നിലവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാത്ത സ്ഥിതിയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് പരസ്യപ്രചരണത്തിന് ഇറങ്ങുന്നത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും പറയപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ സാമുദായ, മത സംഘടനകള്‍ ഇടപെടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മത-ജാതി വിഭാഗങ്ങളുടെ ആരാധനാ മൂര്‍ത്തികളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.