ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ ദാദ്രിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം:സ്ഥലത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തടഞ്ഞു

single-img
3 October 2015

kejrivalന്യൂഡല്‍ഹി:  മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് മുസ്ലിമിനെ മര്‍ദിച്ചുകൊന്ന ബിഷാഡ ഗ്രാമത്തില്‍ വീണ്ടും അക്രമം. മാധ്യമ പ്രവര്‍ത്തകരെയടക്കം ജനക്കൂട്ടം ആക്രമിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനായ കുടുംബനാഥനെ കൊലപ്പെടുത്തിയ വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് തങ്ങളുടെ ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് ആരോപിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവുമായി എത്തിയത്. വാര്‍ത്തകള്‍ തങ്ങള്‍ക്കെതിരാണ് എന്നതിനാല്‍ ഗ്രാമത്തിലേക്ക് പുറത്തുനിന്നാരും പ്രവേശിക്കണ്ട എന്ന നിലപാടിലാണ് ഇവര്‍.

കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ആക്രമണങ്ങള്‍.

അതേസമയം, കേജ്‌രിവാള്‍, കുമാര്‍ വിശ്വാസ്, സഞ്ജയ് സിങ് എന്നിവരെ ബിഷാഡ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അധികൃതര്‍ തടഞ്ഞു.
എന്നാല്‍ എന്തിനാണ് തടയുന്നതെന്ന് അധികാരികള്‍ അറയിച്ചില്ലെന്ന് എഎപി നേതാവ് അശുതോഷ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെയെത്തി ഇനിയിങ്ങനെ സംഭവിക്കില്ലെന്ന സന്ദേശം നല്‍കണമെന്നും അശുതോഷ് ആവശ്യപ്പെട്ടു.

രോഷാകുലരായ വനിതകളാണ് മാധ്യമങ്ങള്‍ക്കു നേരെ ആക്രമണവുമായി എത്തിയത്. പുറത്തുനിന്നാരും ഗ്രാമത്തില്‍ പ്രവേശിക്കേണ്ട എന്ന നിലപാടിലാണ് ഗ്രാമീണര്‍. കേജ്‌രിവാള്‍ എത്തുന്നതിനു മുന്നോടിയായി എഎപി പ്രവര്‍ത്തകര്‍ ഗ്രാമത്തിനടുത്തുവരെ എത്തിയിരുന്നു. ഇവരെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കുന്നതിനും ജനങ്ങള്‍ വിസമ്മതിച്ചു.