ഗാനഗന്ധർവൻ ചെളികാരണം മണ്ണിലിറങ്ങിയില്ല; ഒപ്പം പാടാൻ കൊതിച്ച കുട്ടികൾ നിരാശരായി

single-img
3 October 2015

gana

image credits

തിരുവനന്തപുരം: വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുമൊത്ത് പാടാനായി എത്തിയ ഗാനഗന്ധർവൻ ഏവരേയും നിരാശരാക്കി മടങ്ങി. വെള്ളക്കുപ്പായത്തിൽ ചെളിപുരളുമെന്ന് പറഞ്ഞ് കാറിൽ നിന്നും മൈതാനത്തേക്ക് ഇറങ്ങാതെ തിരികെപോയി. മലയാളത്തിന്റെ സ്വന്തം ഗന്ധർവനുമൊത്ത് പാടാനാഗ്രഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികൾക്ക് ബാക്കിയായത് നിരാശമാത്രം.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പബ്ളിക് ഇൻഫർമേഷൻ വകുപ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ദേശത്തിനായി പാടു’ എന്ന പരിപാടിയിലാണ് കുട്ടികളോടൊപ്പം പാടാനായി യേശുദാസ് എത്തിയിരുന്നത്. സംഘാടകർ പലതവണ നിർബന്ധിച്ചിട്ടും അദ്ദേഹം കുട്ടികളോടൊപ്പം പാടിയില്ല. പരിപാടിയുടെ ഉദ്ഘാടവേദിയിൽ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവ കീർത്തനം പാടി അവസാനിപ്പിക്കുകയായിരുന്നു

ഒരുമണിക്കൂറോളം വേദിയിലുണ്ടായിരുന്ന യേശുദാസ് പോകാൻ നേരത്ത് കുട്ടികളുടെ അടുത്തേയ്ക്ക് പോകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. നിർബന്ധത്തെതുടർന്ന് ഇന്നോവ കാറിൽ കുട്ടികളുടെ അടുത്തെത്തി. അദ്ദേഹം ഇറങ്ങുമെന്നും തങ്ങളോടൊപ്പം പാടുമെന്നും പ്രതീക്ഷിച്ച് കുട്ടികൾ ആർപ്പുവിളിച്ചു. സംഘാടകരും മാധ്യമപ്രവർത്തകരും പലതവണ നിര്‍ബന്ധിച്ചിട്ടും യേശുദാസ് ഇറങ്ങിയില്ല. തലേദിവസം രാത്രി പെയ്ത മഴയിൽ സ്റ്റേഡിയത്തിൽ ചെളിവെള്ളം കെട്ടികിടന്നതുകൊണ്ടാണ്  അദ്ദേഹം ഇറങ്ങാത്തതെന്ന് സംഘാടകർ പിന്നീട് വിശദീകരിച്ചു.

സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുധീപ് കുമാര്‍, രാജലക്ഷ്മി എന്നിവരുൾപ്പെട്ട ഗായകസംഘവും വേദിയിലുണ്ടായിരുന്നു. എ കെ ആന്റണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ സി ജോസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. യേശുദാസും നേതാക്കളും പോയതോടെ വേദിയും സദസും ഒഴിഞ്ഞു. കാണാനും കേൾക്കാനും ആരുമില്ലാതിരുന്നിട്ടും കുട്ടികൾ ഗാന്ധിജിയുടെ ഇഷ്ട കീർത്തനങ്ങൾ ആലപിച്ചു.
രാഷ്ട്രപിതാവിന്റെ ജമദിന പരിപാടിയിൽ പങ്കെടുക്കാനായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 5000ത്തോളം കുട്ടികളാണ് എത്തിയത്. തന്റെ പ്രസംഗത്തിൽ കുട്ടികൾ ഭാവിപ്രതീക്ഷയാണെന്നൊക്കെ പറഞ്ഞ യേശുദാസ് പക്ഷേ പ്രവർത്തിയിൽ കുട്ടികളെ അവഗണിച്ചതിനെതിരെ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു.