സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഇന്നു പൂര്‍ത്തിയാകും; തിരഞ്ഞെടുപ്പു പ്രഖ്യാപനം നേരത്തെയാകാന്‍ സാധ്യത

single-img
3 October 2015

India-Elections-3തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരംതന്നെ നടന്നേക്കും.  ജില്ലാ പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഇന്നു പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം നേരത്തെയാകാന്‍ സാധ്യത ഉയരുന്നത്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പു നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

നവംബര്‍ 15നുള്ളില്‍ തദ്ദേശ ഭരണസമിതികള്‍ അധികാരത്തിലേറുന്ന വിധമുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഭരണസമിതികള്‍ അധികാരത്തില്‍ വരാനുള്ള തീയതി ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. തിരഞ്ഞെടുപ്പു തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ശബരിമല തീര്‍ഥാടനകാലത്തിനു മുന്‍പു തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കും.

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയം വ്യാഴാഴ്ച പൂര്‍ത്തിയായി. ജില്ലാപ്പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ ശനിയാഴ്ച നറുക്കെടുക്കും. എന്നാല്‍, സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം വിജ്ഞാപനം ചെയ്യുന്നത് പൂര്‍ത്തിയായിട്ടില്ല. കോര്‍പ്പറേഷന്‍ മേയര്‍മാരുടെയും മുനിസിപ്പാലിറ്റി അധ്യക്ഷരുടെയും സംവരണം വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു.

ഇനി ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സംവരണം വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഇത് ഏതാണ്ട് തയ്യാറായിട്ടുണ്ട്. ശനിയാഴ്ച ഇതും വിജ്ഞാപനം ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകളിലും മൂന്ന് തെക്കന്‍ ജില്ലകളിലും വോട്ടെടുപ്പ് നടക്കും. അതിനുശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ മധ്യകേരളത്തിലെ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.