മാട്ടിറച്ചി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ?-അഖിലേഷ് യാദവ്

single-img
2 October 2015

akhilesh-yadav-to-be-up-cmലക്‌നൗ: മോദിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്. മാട്ടിറച്ചി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് സംസാരിക്കവെയാണ് അഖിലേഷ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മുമ്പ് പിങ്ക് വിപ്ലവത്തെ കുറിച്ച് പറഞ്ഞവര്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുമ്പോല്‍ എന്തുകൊണ്ട് മാട്ടിറച്ചി കയറ്റുമതി നിരോധിക്കാന്‍ മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

യുപിഎ സര്‍ക്കാര്‍ മാട്ടിറച്ചി കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യത്തിന്റെ തെരുവുകള്‍ മാടുകളുടെ രക്തം ചിന്തി പിങ്ക് നിറത്തിലായെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി പറഞ്ഞിരുന്നു. പിങ്ക് വിപ്ലവമെന്നായിരുന്നു അന്ന് മോഡി മാട്ടിറച്ചി കയറ്റുമതിയെ വിശേഷിപ്പിച്ചിരുന്നത്.

പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെയായിരുന്നു അഖിലേഷിന്റെ വിമര്‍ശനം. രാജ്യത്തെ വിദേശത്ത് കൊണ്ടുപോയി മാര്‍ക്കറ്റ് ചെയ്യുന്നവര്‍ അവിടെയെല്ലാം ജനങ്ങള്‍ എന്താണ് ഭക്ഷിക്കുന്നതെന്നുകൂടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ 51കാരനായ മുഹമ്മദ് ഇഖ്‌ലാക് എന്നയാളെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന പേരില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്.  ഇഖ്‌ലാകിന്റെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കുകയാണ്.