കേരളത്തില്‍ മൂന്നാം മുന്നണിക്ക് അരങ്ങൊരുങ്ങുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
2 October 2015

vellapallyന്യൂഡല്‍ഹി: കേരളത്തില്‍ മൂന്നാം മുന്നണിക്ക്  അരങ്ങൊരുങ്ങുകയാണെന്ന്  എസ്.എന്‍.ഡി.പി യോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ഭാവിയില്‍ പുതിയ രാഷ്ട്രീയസഖ്യത്തിന് ബി.ജെ.പി.യും എസ്.എന്‍.ഡി.പി.യും ഏകദേശധാരണയായി.

ബി.ജെ.പി.യുമായി സഹകരിക്കുന്നതിന് എസ്.എന്‍.ഡി.പി. നേരിട്ട് രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കില്ല.  ‘അകത്തുള്ളവരും പുറത്തുള്ളവരും’ ചേര്‍ന്ന് പാര്‍ട്ടിയുണ്ടാക്കിയാല്‍ അതുമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,  അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വെള്ളാപ്പള്ളി  പറഞ്ഞു.

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്-വലത് പാര്‍ട്ടികള്‍ സീറ്റുതന്നാല്‍ അത് സ്വീകരിക്കും. എസ്.എന്‍.ഡി.പിഭാരവാഹികള്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കില്ല. എന്നാല്‍ ഇത്തരം സ്ഥാനാര്‍ഥികളെ ആരെങ്കിലും പിന്തുണച്ചാല്‍ അത് സ്വീകരിക്കും. എസ്.എന്‍.ഡി.പി.

ഇന്ന് കേരളത്തിലെ നിര്‍ണായകശക്തിയാണ്. ഇപ്പോള്‍ ഇടത്-വലത് പാര്‍ട്ടികള്‍ തങ്ങളെ അംഗീകരിക്കുന്നുണ്ട്. ഇരുപാര്‍ട്ടികളിലും പക്ഷേ, ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി. അധികാരത്തിലുള്ള പാര്‍ട്ടിയാണെന്നും അയിത്തമോ വിരോധമോ ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാപ്രവേശം സംബന്ധിച്ച സാധ്യതകള്‍ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞില്ല. അങ്ങനെയൊരു നിര്‍ദേശംവന്നാല്‍ സംഘടനയുമായി ആലോചിച്ച് വേണ്ട തീരുമാനമെടുക്കും. എന്നാല്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയകൂട്ടുകെട്ടിന് വിത്തുപാകുന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി. നേതാക്കളെ കേന്ദ്രനേതൃത്വം അടുപ്പിച്ചില്ല.

എസ്.എന്‍.ഡി.പി. ബി.ജെ.പി.യില്‍ ലയിച്ചുകൊണ്ടുള്ള രാഷ്ട്രീയസഖ്യത്തിന് താത്പര്യമില്ല. നേരിട്ട് ബി.ജെ.പി.യില്‍ ചേരാന്‍ യോഗം പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലാത്തതിനാല്‍ പ്രത്യേക പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയസഖ്യമാകാമെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി.

ആര്‍.എസ്.എസ്. നേതൃത്വം നേരിട്ടിടപെട്ടാണ് പുതുസഖ്യത്തിനുള്ള ചര്‍ച്ചകള്‍നടക്കുന്നത്.  കേരളത്തിലെ രാഷ്ട്രീയസാഹചര്യം സഖ്യത്തിനനുകൂലമാണെന്നും ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിര്‍ണായകശക്തിയാകാമെന്നുമാണ് ആര്‍.എസ്.എസ്സിന്റെ പ്രതീക്ഷ.