കുട്ടിക്കുറ്റവാളികളുടെ വയസ്സ് കൂട്ടിയിടുന്ന പോലീസുകാർക്കെതിരെ നടപടി- ഡി.ജി.പി

single-img
2 October 2015

police_cap_0കുട്ടിക്കുറ്റവാളികളുടെ വയസ്സ് കൂട്ടിയിട്ട് മുതിർന്നവരാക്കി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി ടി.പി. സെൻകുമാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ്‌ മേധാവികൾക്കും സിറ്റി പോലീസ് കമ്മീഷണർമാർക്കും ഇതുസംബന്ധിച്ച് അദ്ദേഹം നിർദേശം നൽകി. കുട്ടിക്കുറ്റവാളികളെ മുതിർന്നവരായി കാണിച്ച് നിയമനടപടി സ്വീകരിച്ചതായി പരാതി ലഭിച്ചാൽ ജില്ലാ പോലീസ് മേധാവി 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കണം. പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ തിരുത്തുകയും തെറ്റുവരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണം എന്ന് ഡി.ജി.പിയുടെ നിർദേശത്തിൽ പറയുന്നു.

കുറ്റകൃത്യം ചെയ്തവരുടെ കൂട്ടത്തിൽ പതിനെട്ട് വയസ്സിൽ താഴെയുള്ളവരുണ്ടെങ്കിൽ ബാലനീതി നിയമപ്രകാരമാണ് നടപടിയെടുക്കേണ്ടത്. കോടതിക്ക് പകരം ബാലനീതി ബോർഡ് മുമ്പാകെ ഇവരെ ഹാജരാക്കുകയും വേണമെന്നാണ് നിയമം. എന്നാൽ ഇതൊഴിവാക്കാനായി അന്വേഷണ ഉദ്യോഗസ്ഥർ വയസ്സ് കൂട്ടിയിട്ട് ഇവരെ മുതിർന്ന കുറ്റവാളികളാക്കുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നു. ബാലാവകാശ കമ്മീഷനും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ഇതേത്തുടർന്നാണിപ്പോൾ പോലീസിന്റെ നടപടി.

കുട്ടികുറ്റവാളികളെ പിടികൂടുമ്പോൾ പാലിക്കേണ്ട നടപടികൾ ചുരുക്കത്തിൽ

കുട്ടിക്കുറ്റവാളിയെ ആദ്യമായി കോടതിയിലോ ബാലനീതി ബോർഡ് മുമ്പാകെയോ ഹാജരാക്കുമ്പോൾ, ഹാജരാക്കുന്ന ദിവസവും സമയവുമുൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ രേഖാമൂലം അറിയിക്കണം. ഇതിന്റെ പകർപ്പ് കോടതിയിൽ നൽകുകയും വേണം. പ്രായം പതിനെട്ട് വയസ്സിൽത്താഴെയാണെന്ന് പ്രതി അവകാശപ്പെടുകയും കാഴ്ചയിൽ അങ്ങനെ തോന്നുകയും ചെയ്താൽ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ ഇല്ലെങ്കിലും ബാലനീതിബോർഡ് മുമ്പാകെ വേണം ഹാജരാക്കാൻ.

കുട്ടിക്കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ പ്രായവിവര റിപ്പോർട്ട് തയ്യാറാക്കണം. അറസ്റ്റ് വിവരം മാതാപിതാക്കളെയോ ബന്ധുക്കളെയോ രക്ഷാകർത്താവിനെയോ രേഖാമൂലം അറിയിക്കുക്കയും അവർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകുകയും വേണം. പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനുമുമ്പ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇതിനൊപ്പം പ്രായവിവര റിപ്പോർട്ടും നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയുടെ പ്രായത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം. പ്രായവിവര റിപ്പോർട്ട് തയ്യാറാക്കിയതിൽ വീഴ്ചവന്നതായി ബാലനീതി ബോർഡ് അറിയിച്ചാൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുകയും വേണം.