കേജ്‌രിവാള്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് മായങ്ക് ഗാന്ധി

single-img
2 October 2015

mayank-gandhiമുംബൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് മായങ്ക് ഗാന്ധി. പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ഘടകത്തെ പിരിച്ചുവിട്ട നടപടിക്കെതിരെയാണ് സംസ്ഥാനത്തു നിന്നുള്ള എഎപി പ്രമുഖ നേതാവും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ മായങ്ക് ഗാന്ധി ശക്തമായി പ്രതികരിച്ചത്.

ഇന്നലെയാണ് എഎപിയുടെ വെബ്‌സൈറ്റില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സംഘടനകളും പിരിച്ചുവിടുന്നതായി രാഷ്ട്രീയകാര്യ സമിതി അറിയിച്ചത്.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ വേരറുക്കുന്ന പരിപാടിയാണ് കേജ്‌രിവാള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയം ശുദ്ധമാക്കുന്നതിനാണ് ആംആദ്മി പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ രാഷ്ട്രീയത്തിലേക്കു പാര്‍ട്ടിയിലെ ആളുകളും പോകുകയാണെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു.

പാര്‍ട്ടി തന്നെ പുറത്താക്കട്ടെ, മഹാരാഷ്ട്രയില്‍ നിന്ന് പാര്‍ട്ടിയെ വേരോടെ പിഴുതെറിയാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമമെന്നത് സത്യമാണ്. നേരത്തെ, പാര്‍ട്ടീ രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ് എന്നവരെ പുറത്താക്കുന്നതിനെതിരെയും ഗാന്ധി പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു ശബ്ദമേയുള്ളെന്നും എതിര്‍പ്പുന്നയിക്കുന്നവരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.