‘പൊമ്പളൈ ഒരുമൈ’ ആരംഭിച്ച രാപകല്‍ റിലേ നിരാഹാരസമരം പോലീസ് ഇടപെട്ട് നിര്‍ത്തിച്ചു

single-img
2 October 2015

Munnar strike photo 1മൂന്നാര്‍:  ‘പൊമ്പളൈ ഒരുമൈ’ ആരംഭിച്ച രാപകല്‍ റിലേ നിരാഹാരസമരം പോലീസ് ഇടപെടലിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. പകല്‍ മാത്രം നിരാഹാര സമരം നടത്താനാണ് തീരുമാനം. ആയിരത്തോളം തൊഴിലാളികള്‍ വ്യാഴാഴ്ച പകല്‍ നിരാഹാരമിരുന്നു. വൈകീട്ട് ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ആറു വരെ 15 പേര്‍ നിരാഹാരം അനുഷ്ഠിക്കാനാണ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത 15 പേര്‍ ഇതേറ്റെടുത്ത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം നടക്കുന്ന അഞ്ചാം തിയ്യതി വരെ ഇതു തുടരാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍, വൈകീട്ട് നിരാഹാരം ആരംഭിച്ചപ്പോള്‍ മൂന്നാര്‍ എ.എസ്.പി.മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോലീസെത്തി രാത്രിയില്‍ സമരം നടത്തുന്നതിന്റെ അപകടങ്ങള്‍ സ്ത്രീകളോട് വിശദീകരിച്ചു.

ആദ്യം വിസമ്മതിച്ചെങ്കിലും പോലീസിന്റെ നിര്‍ബന്ധപൂര്‍വമായ ഇടപെടലിനെത്തുടര്‍ന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു. രാത്രിസമരത്തിന് സംരക്ഷണം കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസ്സിലാക്കിയതേയുള്ളൂവെന്നും എ.എസ്.പി. മെറിന്‍ ജോസഫ് പറഞ്ഞു.

അതേസമയം അമ്പത് മീറ്റര്‍ അകലെ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കുത്തിയിരുപ്പ് സമരവും ശക്തിപ്രാപിച്ചു. കൂടുതല്‍ പേരെ രംഗത്തെത്തിക്കാന്‍ വ്യാഴാഴ്ച യൂണിയനുകള്‍ക്ക് കഴിഞ്ഞു. പൊമ്പളൈ ഒരുമൈയ്ക്ക് ഒപ്പം ആദ്യ സമരത്തില്‍ ഉണ്ടായിരുന്ന ഇന്ദ്രാണി, ട്രേഡ് യൂണിയന്‍ സമരത്തിനൊപ്പം ചേര്‍ന്നു.