‘വെള്ളാപ്പള്ളി നടേശന്‍ കുടുംബത്തിന് പണം കണ്ടെത്താനാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്’, വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് വിഎസ്

single-img
2 October 2015

vsകൊച്ചി:  വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും. കുടുംബത്തിന് പണം കണ്ടെത്താനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് വിഎസ് ആരോപിച്ചു. വെള്ളാപ്പള്ളിയും ഭാര്യയും മകനും മോഡിയെ കണ്ടതില്‍നിന്ന് കാര്യം വ്യക്തമാണ്. ഇത്തരം കൂടിക്കാഴ്ച്ചകളെ ഗൗരവമായി കാണുന്നില്ല. അതിനെ അത്ര വല്യ കാര്യമാക്കേണ്ടതില്ല. സമുദായ നേട്ടമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നും വിഎസ് ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഉന്നയിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി എവിടെ എന്ന് വിഎസ് ചോദിച്ചു. കോളജ് നിയമനത്തിലെ അഴിമതികളെക്കുറിച്ച് മറുപടി പറയേണ്ടത് എസ്എന്‍ഡിപിക്കാരാണ്. തന്റെ ആരോപണങ്ങള്‍ക്ക് എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മറുപടി പറയാത്തതെന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചോദിക്കണമെന്നും വിഎസ്  പറഞ്ഞു.

എന്നാല്‍, വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അല്ലായെങ്കില്‍ വിഎസ് വീട്ടിലിരിക്കുമോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.