സ്കൂട്ടർ വിപണിയിലും ഒന്നാമതെത്താൻ ഹീറോ

single-img
1 October 2015

Hero-Company-Logoരാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ് സ്കൂട്ടർ വിപണിയിലെയും ഒന്നാംസ്ഥാനം ലക്ഷ്യമിടുന്നു. നിലവിൽ മോട്ടോർ സൈക്കിൾ വിപണിയിൽ ഒന്നാമതുള്ള കമ്പനി പുതിയ സ്കൂട്ടർ മോഡലുകളെ അവതരിപ്പിച്ച് ഈ ലക്ഷ്യം നേടിയെടുക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ.

ഹീറോയുടെ പഴയ പങ്കാളിയായ ജാപ്പനീസ് നിർമാതാക്കൾ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)ആണ് സ്കൂട്ടർ വിപണി നിലവിൽ അടക്കിവാഴുന്നത്. 59 ശതമാനത്തോളം വിപണി വിഹിതത്തോടെ 11.39 ലക്ഷം സ്കൂട്ടറുകളാണ് കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് ഹോണ്ട ഇന്ത്യയിൽ വിറ്റഴിച്ചത്. എന്നാൽ ബൈക്ക് വിപണിയിൽ 52% വിഹിതമുള്ള ഹീറോയ്ക്ക് സ്കൂട്ടർ വിപണിയിൽ 13 ശതമാനത്തോളം വിഹിതം മാത്രമാണുള്ളത്.

സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനായി പുത്തൻ എൻജിന്റെയും പ്ലാറ്റ്ഫോമിന്റെയും പിൻബലത്തോടെ രണ്ടു പുതിയ മോഡലുകളും ഹീറോ മോട്ടോ കോർപ് അവതരിപ്പിച്ചു. 110 സി സി എൻജിനുള്ള ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’ എന്നിവയാണു കമ്പനി പുറത്തിറക്കിയത്. ‘ഡാഷ്’ എന്ന പേരിൽ കൊളംബിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച സ്കൂട്ടറാണ് ‘മാസ്ട്രോ എഡ്ജ്’ ആയി ഇന്ത്യയിൽ എത്തുന്നത്. രണ്ടു വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘മാസ്ട്രോ എഡ്ജ്’ ഈ 13 മുതൽ വിൽപ്പനയ്ക്കെത്തും. ‘എൽ എക്സി’ന് 48,500 രൂപയും ‘വി എക്സി’ന് 50,700 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ‘ഡ്യുവറ്റ്’ അടുത്തുതന്നെ ഡീലർഷിപ്പുകളിലെത്തുമെന്നും അതിനു ശേഷമാവും സ്കൂട്ടറിന്റെ വില പ്രഖ്യാപിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

സ്കൂട്ടർ വിഭാഗത്തിലും മുൻപന്തിയിലെത്തുക എന്ന ലക്ഷ്യത്താൽ ഘട്ടംഘട്ടമായി വിപണി വിഹിതം വർധിപ്പിച്ച് ഉയരാനാണ് കമ്പനിയുടെ ചുവട് വെപ്പ് എന്ന ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും സി.ഇ.ഓയുമായ പവൻ മുഞ്ജാൾ പറഞ്ഞു. ഇതിനായി ജയ്പൂരിൽ സ്ഥാപിക്കുന്ന ഗവേഷണ, വികസന കേന്ദ്രം ജനുവരി 14നു തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ പ്രത്യേകിച്ച് സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണു മുഞ്ജാൾ നൽകുന്ന സൂചന.