ചലനശേഷി നഷ്ടപ്പെട്ട പിതാവിന്റെ ചികിത്സയ്ക്കായി 15കാരി തെരുവില്‍ പശുവിന്റെ മുഖംമൂടി ധരിച്ച് ഭിക്ഷ യാചിക്കുന്നു

single-img
1 October 2015

cow_girബെയ്ജിംഗ്: ചലനശേഷി നഷ്ടപ്പെട്ട പിതാവിന്റെ ചികിത്സയ്ക്കു പണം സ്വരൂപിക്കുന്നതിനായി കൗമാരക്കാരിയായ മകള്‍ തെരുവില്‍ പശുവിന്റെ മുഖംമൂടി ധരിച്ച് ഭിക്ഷ യാചിക്കുന്നു. കിഴക്കന്‍ ചൈനയിലെ ഹെഫെയ് തെരുവില്‍ 15 കാരിയായ ഹാവോ ഡോംഗ്‌ഡോംഗാണ് പശുവേഷം ധരിച്ച് ഭിക്ഷ യാചിക്കുന്നത്. തെരുവോരത്ത് വിരിച്ചിട്ട തുണിയില്‍ മുട്ടുകുത്തിയിരുന്ന് പണാഭ്യര്‍ഥന നടത്തിയ ഹാവോയുടെ അടുത്ത് ഒരു ബക്കറ്റും തന്റെ ദൈന്യത വിവരിച്ചുകൊണ്ടുള്ള പോസ്റ്ററും വച്ചിരുന്നു. കഴിഞ്ഞ മൂന്നുമാസമായി പിതാവിന്റെ ചികിത്സയ്ക്കായി ഇത്തരത്തില്‍ ഭിക്ഷാടനം നടത്തുകയാണ് ഹാവോ.

കഴിഞ്ഞ വര്‍ഷം നടന്ന പിതാവിന് സംഭവിച്ച അപകടമാണ് ഹാവോയുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയത്. അപകടത്തില്‍ ഹാവോയുടെ പിതാവ് ഹാവോ ഷിന്‍ലി ശരീരം തളര്‍ന്ന് കിടപ്പിലായത്. തുടര്‍ന്ന് ചികിത്സ നടത്തി കുടുംബം കടബാധ്യതയിലായി. മാസംതോറും അരലക്ഷത്തോളം രൂപ പിതാവിന് ചികിത്സയ്ക്ക് ആവശ്യമുണ്ട്. കൂടാതെ തന്റെ അനുജനും അനിയത്തിക്കും സ്‌കൂളില്‍ പോകുന്നതിനായും പണം കണ്ടെത്താന്‍ തനിക്ക് ഭിക്ഷാടനമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ഹാവോ വിശദീകരിക്കുന്നു. മൂന്നുമാസം മുമ്പ് ഹാവോയുടെ അമ്മ വീട് ഉപേക്ഷിച്ചുപോയിരുന്നു. ഇതോടെയാണ് ഹാവോ തന്റെ പഠനം ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിയത്.

എന്നാല്‍, ഹാവോയുടെ ഈ പ്രവൃത്തിക്ക് ജനങ്ങളുടെയിടയില്‍ നിന്നു മോശം പ്രതികരണമാണുണ്ടായത്. ഹാവോയെ ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല. പലരും അവളെ കളിയാക്കി. ഒടുവില്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കിടപ്പിലായ തന്റെ പിതാവിനെ വരെ അവള്‍ക്ക് കൊണ്ടുവരേണ്ടിവന്നു. ഹാവോയുടെ ഭിക്ഷാടനം തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്നു കണ്ട തെരുവോരത്തെ കടയുടമകളും അവള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.