വയസ്സുകാലത്ത് കതിര്‍ മണ്ഡപത്തിലേക്ക് പോകരുതെന്ന് വെള്ളാപ്പള്ളിയോട് കോടിയേരിയുടെ ഉപദേശം

single-img
1 October 2015

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍. വയസ്സുകാലത്ത് കതിര്‍ മണ്ഡപത്തിലേക്ക് പോകരുതെന്ന് വെള്ളാപ്പള്ളി നടേശനോട് കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം. വെള്ളാപ്പള്ളിയെ തങ്ങള്‍ പരിഗണിക്കുന്നില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. മാട്ടിറച്ചി കഴിച്ചയാളെ തല്ലിക്കൊന്നതു പോലെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനാണ് സംഘപരിവാരിന്റെ ശ്രമം. നാളെ എസ്എന്‍ഡിപി ഇതിന് മറുപടി പറയേണ്ടി വരുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

സംഘപരിവാരിന്റെ ഭാഗമാകാനാണ് എസ്എന്‍ഡിപിയുടെ ശ്രമമെന്ന് നേരത്തെ മുതല്‍ സിപിഐഎം പറഞ്ഞിരുന്നു. ഇപ്പോഴത്തെ വാര്‍ത്തകള്‍ പാര്‍ട്ടി നിലപാട് സ്ഥിരീകരിക്കുന്നു. എസ്എന്‍ഡിപിയുടെ ഭാഗമായി നിന്ന് കൊണ്ടുതന്നെ സംഘപരിവാരിന്റെ കൂടെ കൂട്ടാന്‍ നടത്തുന്ന ശ്രമത്തെയാണ് എതിര്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പലരും രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ ശങ്കര്‍ കെപിസിസി പ്രസിഡന്റായിരുന്നു. പക്ഷേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദം രാജി വെച്ചതിന് ശേഷമാണ് കെപിസിസി പ്രസിഡന്റായത്. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനവും രാജി വെച്ചു. വെള്ളാപ്പള്ളിയും ആ മാന്യത കാണിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.