സംവരണത്തിനെതിരായ ആർ.എസ്.എസ് നിലപാട് ചാതുർവർണ്ണ്യ വ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള ശ്രമം- കോടിയേരി ബാലകൃഷ്ണൻ

single-img
1 October 2015

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം:  മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കും നിശ്ചിത സംവരണം ഉറപ്പാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. പിന്നാക്കക്കാർക്കുള്ള സംവരണവും നിലനിർത്തണം. എങ്കിൽ മാത്രമേ എല്ലാ സമുദായത്തിലും പെട്ടവരെ ഒന്നിപ്പിച്ചു നിർത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിനെതിരായ ആർ.എസ്.എസ് നിലപാട് ചാതുർവർണ്ണ്യ വ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള ശ്രമമാണ്. സംവരണം അട്ടിമറിക്കാനുള്ള ഈ ശ്രമത്തിനെതിരെ എസ്.എൻ.ഡി.പിയോ മുസ്ലീം ലീഗോ മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.എൻ.ഡി.പി യോഗം മുൻ നിലപാടുകളിൽ നിന്ന് പിന്നാക്കം പോയി. ഉത്തമ ബോദ്ധ്യത്തോടെയാണ് വി.എസ് ആരോപണമുന്നയിച്ചത്. എസ്.എൻ ട്രസ്റ്റിലെ നിയമനങ്ങൾക്കും വിദ്യാർത്ഥി പ്രവേശനത്തിനും എത്ര രൂപ വാങ്ങിയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം.

സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ പ്രചാരണം നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒമ്പതിന് വൈകുന്നേരം നാലുമണിയ്ക്ക് എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും മുന്നിൽ ബഹുജന ധർണ്ണ നടത്തും. ഇത് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പട്ടികജാതി/വർഗ വിഭാഗങ്ങൾ സർക്കാർ ജോലിയിലെ സംവരണത്തിനായി നടത്തുന്ന സമരം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണം.
സമരം നടത്തുന്ന തൊഴിലാളികൾക്കു പകരം തോട്ടം തൊഴിലാളികളുടെ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. മീറ്റർ റീ‌ഡിംഗിലെ പുതിയ ഉത്തരവിന് വ്യക്തത വരുത്തണം. സംസ്ഥാനത്ത് റേഷനരി വിതരണം താറുമാറായതായും കോടിയേരി ആരോപണമുന്നയിച്ചു.

ഇതിനെതിരെ ഒക്ടോബര്‍ മൂന്നിന് പ്രാദേശിക തലത്തില്‍ സിപിഎം ആഭിമുഖ്യത്തില്‍ പ്രക്ഷോഭപരിപാടികള്‍ നടത്തും. സംസ്ഥാനത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ ചെറുത്തു തോല്‍പിക്കും.

കേരളത്തിലെ റേഷന്‍ വിതരണം തകരാറിലായിരിക്കുകയാണ്. 25 കിലോ അരിയും 10 കിലോ ഗോതമ്പും ലഭിച്ചിരുന്ന ബി.പി.എല്‍ കാര്‍ക്ക് ഇത് 17 കിലോയും 4 കിലോയുമാക്കി കുറച്ചു. 10 ഉം 5 ഉം കിലോവീതം അരിയും ഗോതമ്പും ലഭിച്ച എ.പി.എല്‍കാര്‍ക്ക് ഇത് യഥാക്രമം രണ്ടും ഒന്നും കിലോ വീതമായും കുറച്ചു. റേഷന്‍ വിതരണക്കാരും മൊത്ത വിതരണക്കാരും സഹകരിക്കാത്തതിനാല്‍ റേഷന്‍ വിതരണം തന്നെ കുത്തഴിഞ്ഞുവെന്നും കോടിയേരി ആരോപിച്ചു.