കേന്ദ്രവിരുദ്ധസമരത്തിന് ഒരുങ്ങി കെജ്രിവാള്‍; അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചു

single-img
1 October 2015

kejuന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ച് കേന്ദ്രവിരുദ്ധസമരത്തിന് ഒരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും സമ്മേളനത്തിനെത്തി.

എന്നാല്‍,  മണിക് സര്‍ക്കാര്‍ മമതയുമായി വേദിപങ്കിടാതെ, കെജ്രിവാളിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു മടങ്ങി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിയും മിസോറം മുഖ്യമന്ത്രി ലാല്‍തന്‍ഹാവ്‌ലയും പിന്തുണച്ച് സന്ദേശങ്ങളയച്ചു. അടുത്തസമ്മേളനം കൊല്‍ക്കത്തയിലാവാമെന്ന് മമത ബാനര്‍ജി അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ മൂന്നാം മുന്നണിയല്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.

എതിരെ പ്രവര്‍ത്തിക്കുന്നവരെ രാജ്യദ്രോഹികളെന്നു വിളിക്കുന്ന കേന്ദ്രസര്‍ക്കാറാണ് രാജ്യദ്രോഹം ചെയ്യുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഒന്നരലക്ഷം കോടി രൂപ പ്രതിവര്‍ഷം കേന്ദ്രനികുതിയായി ഡല്‍ഹി നല്‍കുന്നു. എന്നാല്‍, തിരിച്ചുകിട്ടുന്നതാവട്ടെ വെറും 325 കോടിയാണെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സഹകരണ വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഒരു തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി താത്പര്യമുള്ള സംസ്ഥാനങ്ങളെ മാത്രം കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണ് മമത പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നു മാത്രമല്ല, ഉള്ള പദ്ധതികള്‍പോലും നടപ്പാക്കുന്നില്ല. പ്രസംഗം മാത്രം പോര, പ്രവര്‍ത്തിക്കുകയും ചെയ്യണം. രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ കാണരുതെന്നും മമത പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു.