അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും തമ്മില്‍ മത്സരിക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍

single-img
27 September 2015

vsതിരുവനന്തപുരം: അഴിമതി നടത്തുന്നതിനും, അഴിമതിക്കാരെ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസ് ഐ, എ ഗ്രൂപ്പുകള്‍ കൈകോര്‍ത്ത് നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഇപ്പോള്‍ മത്സരിക്കുകയാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തുന്ന മത്സരങ്ങള്‍ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഇരുവരും മറക്കരുത്. വരുന്ന തെരഞ്ഞെടുപ്പുകളിലൂടെ ജനം ഇതിന് മറുപടി നല്‍കുമെന്ന് വിഎസ്. പറഞ്ഞു.

അഴിമതിക്കാര്‍ക്ക് ഗ്രൂപ്പ് പരിരക്ഷ ലഭിക്കുകയില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിലും, കശുവണ്ടി കോര്‍പ്പറേഷനിലും നടന്ന അഴിമതിക്കും, അഴിമതിക്കാര്‍ക്കും അവസാന നിമിഷം വരെ കുടപിടിച്ചയാളാണ് രമേശ് ചെന്നിത്തല.

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന അഴിമതി സിബിഐക്ക് വിട്ടത് കേരളാ ഹൈക്കോടതിയാണ്. ഇതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഐ ഗ്രൂപ്പുകാരനും, ഐഎന്‍ടിയുസി നേതാവുമായ ആര്‍ചന്ദ്രശേഖരന് രാജിവയ്‌ക്കേണ്ടി വന്നത്.

അതിനുശേഷമാണ് രമേശ് ചെന്നിത്തല അഴിമതിവിരുദ്ധ വേദാന്തപ്രസംഗം തുടങ്ങിയിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ നൂറുകോടിയിലേറെ അഴിമതി നടന്നുവെന്ന് വിളിച്ചു പറഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെയാണ്. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഒരന്വേഷണ പ്രഹസനത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സഹികെട്ട് ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് അല്‍പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു