പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ വനിത തൊഴിലാളികള്‍ ‘മാന്യമായ’ വസ്ത്രം ധരിക്കണം; സ്ലീവ്‌ലെസ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കരുതെന്ന് ഫെയ്‌സ്ബുക്ക്

single-img
27 September 2015

zuckerberg_modiസാന്‍ഫ്രാന്‍സിസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ ‘മാന്യമായ’ വസ്ത്രം ധരിക്കണമെന്ന് ഫെയ്‌സ്ബുക്ക് വനിത തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വനിതാ തൊഴിലാളികള്‍ സ്ലീവ്‌ലെസ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കരുതെന്നും നിര്‍ദേശമുണ്ട്.

മോഡി ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓഫീസിലെ ജീവനക്കാര്‍ക്ക് മാന്യമായ വസ്ത്രധാരണത്തിന് നിര്‍ദേശം നല്‍കിയതത്രെ. പുരുഷന്‍മാര്‍ക്ക് കോട്ടും സ്യൂട്ടുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. വനിതകളും ‘മാന്യമായ വസ്ത്രം’ ധരിക്കണം. സ്ലീവ് ലെസ് ഷര്‍ട്ടും ഷോട്ട്‌സും ധരിക്കുന്നത് ഒഴിവാക്കണം. ഫെയ്‌സ്ബുക്ക് ഓഫീസിലെ ജീവനക്കാര്‍ക്കും ഡ്രസ്‌കോഡൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

മോഡിയുടെ ഫെയ്‌സ്ബുക്ക് ഓഫീസ് സന്ദര്‍ശനം മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ ചോദിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു.