സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസ്സുകാരന്‍ നടത്തുന്ന നിരാഹാര സമരം 253 ദിവസങ്ങള്‍ പിന്നിട്ടു

single-img
27 September 2015

sikh manപഞ്ചാബ്: സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസ്സുകാരനായ സാമൂഹ്യ പ്രവര്‍ത്തകന്‍ നിരാഹാര സമരം ആരംഭിച്ചിട്ട് 253 ദിവസങ്ങള്‍ പിന്നിട്ടു. ഹസ്സന്‍ പൂരിലെ ബപ്പു സൂരജ് സിംഗാണ് മരണം വരെ നിരാഹാര സമരം നടത്തുന്നത്.

പല സിഖ് തടവുകാരും 15 മുതല്‍ 20 വര്‍ഷത്തിലധികം കല്‍ത്തുറങ്കില്‍ കിടന്നവരാണെന്ന് ബപ്പു സൂരജ് സിംഗ് പറയുന്നു. സര്‍ക്കാര്‍ സമരത്തെ അവഗണിച്ചുവെന്ന് മാത്രമല്ല പരാജയപ്പെടുത്താനും ശ്രമിച്ചു. കുടുംബത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി സമരം പൊളിക്കാന്‍ പഞ്ചാബ് പോലീസ് കിണഞ്ഞു ശ്രമിച്ചു. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ മകന്‍ രവീന്ദര്‍ സിംഗിനെ രണ്ട് മാസത്തോളം പോലീസ് കസ്റ്റഡിയില്‍ വെച്ച് പീഢിപ്പിച്ചു.

ഇറോം ശര്‍മ്മിള നടത്തി വരുന്ന നിരാഹാര സമരത്തെ നേരിടുന്ന  അതേ നയം തന്നെയാണ് ബപ്പു സൂരജ് സിംഗിന്റെ കാര്യത്തിലും ഭരണകൂടം കാണിച്ചത്. രംഗം വഷളാകുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ വീട്ടിലെത്തുന്ന പോലീസ് ബലമായി സിംഗിനെ ആശുപത്രിയിലെത്തിച്ച് നിര്‍ബന്ധമായും ഭക്ഷണം ട്യൂബ് വഴി ശരീരത്തിലെത്തിക്കും.

253 ദിവസം ഭക്ഷണവും ജലവും കഴിക്കാതെ പിന്നിട്ട ബാപ്പു സൂരജ് സിംഗ് പഞ്ചാബ് പോലീസിന്റെ കരുതല്‍ തടങ്കലിലാണ് ഇപ്പോള്‍. സൂരജ് സിംഗിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് പഞ്ചാബ് ഡിജിപി പറയുന്നത്. സൂരജ് സിംഗ് പറയുന്ന പട്ടികയിലുള്ള പലരുടേയും വിചാരണ നടക്കുന്നതേയുള്ളുവെന്നാണ് പോലീസ് പറയുന്നത്. മറ്റ് ചിലര്‍ വേറെ സംസ്ഥാനങ്ങളിലെ ജയിലിലാണ്. അതിനാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ പഞ്ചാബ് പോലീസിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നു.