ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം സ്വാഭാവികമല്ല; മരണത്തെക്കുറിച്ചുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണം-മകന്‍ അനില്‍ ശാസ്ത്രി

single-img
27 September 2015

lal-bahadur-shasthriന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം സ്വാഭാവികമല്ലെന്ന് കുടുംബം കരുതുന്നതായി മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി. മരണത്തെക്കുറിച്ചുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രിയുടേത് കൊലപാതകമാണെന്ന് കുടുംബം നേരത്തേയും ആരോപിച്ചിട്ടുണ്ട്.  യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രേഖകള്‍ പരസ്യമാക്കണമെന്ന് മൂന്നുതവണ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരവും ആവശ്യപ്പെട്ടെങ്കിലും ‘വിദേശരാജ്യവുമായുള്ള ബന്ധത്തെ ബാധിക്കും’ എന്ന പേരില്‍ നിഷേധിച്ചു.  1966 ജനവരി 11-ന് സോവിയറ്റ് യൂണിയനിലെ താഷ്‌കന്റിലാണ് ശാസ്ത്രി ഹൃദയാഘാതത്താല്‍ മരിച്ചത്. എന്നാല്‍, വിഷം ചെന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

‘അച്ഛന്റെ മൃതദേഹം വിമാനത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴാണ് താനത് ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചിരുന്നു. മുഖത്തും നീലനിറമായിരുന്നു. നെറ്റിയുടെ ഇരുവശത്തും വെള്ളപ്പാടുകളും കണ്ടു. അത് കണ്ടപ്പോഴേ മരണം സ്വാഭാവികമല്ലെന്ന് അമ്മയും ഉറപ്പിച്ചു. ഇതില്‍ ചതിയുണ്ടെന്ന് അവര്‍ തങ്ങളോട് പറഞ്ഞതായി’ -അനില്‍ ശാസ്ത്രി വ്യക്തമാക്കി.

1965-ലെ യുദ്ധത്തിനുശേഷം പാക് പ്രസിഡന്റ് അയൂബ് ഖാനുമായി ഉടമ്പടി ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ശാസ്ത്രി ഹോട്ടല്‍മുറിയില്‍ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടംചെയ്യാന്‍ ഇന്ത്യ അന്ന് സോവിയറ്റ് യൂണിയനോട് ആവശ്യപ്പെടാത്തതില്‍ അനില്‍ ശാസ്ത്രി അദ്ഭുതം പ്രകടിപ്പിച്ചു. ശാസ്ത്രി ഉപയോഗിച്ചിരുന്ന മുറിയില്‍ ടെലിഫോണോ ബെല്ലോ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഡയറിയും ഹോട്ടല്‍മുറിയില്‍ നഷ്ടപ്പെട്ടു. മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചത് -അനില്‍ ശാസ്ത്രി കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ അന്വേഷണത്തിന് രാജ്‌നാരായണ്‍ സമിതിയെ നിയോഗിച്ചെങ്കിലും അവര്‍ക്ക് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. ശാസ്ത്രിയോടൊപ്പം താഷ്‌കെന്റിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡോക്ടര്‍ ആര്‍.എന്‍. ഛഗ് സമിതിക്ക് തെളിവ് നല്‍കാന്‍ പോകവേ വാഹനാപകടത്തില്‍ മരിച്ചു. താഷ്‌കെന്റിലുണ്ടായിരുന്ന ശാസ്ത്രിയുടെ സഹായി രാംനാഥിന് തെളിവ് നല്‍കാന്‍ പോകുന്നതിനിടെ വാഹനമിടിച്ച് ഓര്‍മ നശിച്ചു. ഈ സംഭവങ്ങളും ദുരൂഹമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.