വേതന പരിഷ്‌കരണം:തോട്ടം തൊഴിലാളികൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും

single-img
26 September 2015

downloadവേതന പരിഷ്‌കരണം ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.വേതന പരിഷ്‌കരണം സംബന്ധിച്ച് നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

 
ട്രേഡ്‌ യൂണിയനുകളുടെയും തൊഴിലാളി യൂണിയനുകളുടെയും ആവശ്യങ്ങള്‍ കേട്ടുവെന്ന്‌ ചര്‍ച്ചയ്‌ക്ക് ശേഷം മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. അഞ്ഞൂറ്‌ രൂപ കൂലി വേണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചു നില്‍ക്കുന്നതായും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. 500 രൂപയെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ല. ഇതിനുവേണ്ടി സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.

 
ഈ മാസം 29ന് വൈകീട്ട് നാലു മണിക്ക് വീണ്ടും യോഗം ചേരും. അതേസമയം തൊഴിലാളികളുടെ താമസസൗകര്യം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. നിലവില്‍ ഒറ്റമുറി ലയങ്ങളിലാണ്‌ തൊഴിലാളികള്‍ താമസിക്കുന്നത്‌. ഇത്‌ രണ്ട്‌ മുറിയുള്ള ലയങ്ങളായി വികസിപ്പിക്കും. തൊഴിലാളികളെ ഇ.എസ്‌.ഐയുടെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനമായി. രാവിലെ ആരംഭിച്ച ചർച്ച തീരുമാനമാകാത്തതിനെ തുടർന്ന് ഉച്ചയ്ക്കു ശേഷവും തുടരുകയായിരുന്നു. രാത്രി ഏഴരയോടെയാണ് യോഗം പിരിഞ്ഞത്.ഇടുക്കി എം.പി ജോയിസ്‌ ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ജോയിസ്‌ ജോര്‍ജ്‌ പറഞ്ഞു.