തടവുപുള്ളികളുടെ ആക്രമണത്തില്‍ വാര്‍ഡര്‍മാര്‍ക്ക് പരിക്ക്

single-img
26 September 2015

jail cellചെന്നൈ: തടവുപുള്ളികളുടെ ആക്രമണത്തില്‍ വാര്‍ഡര്‍മാര്‍ക്ക് പരിക്ക്. ചെന്നൈയിലെ പുഴല്‍ സെല്‍ട്രല്‍ ജയിലിലുണ്ടായ ആക്രമണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് അല്‍ ഉമ്മ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രണ്ട് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

അല്‍ ഉമ്മ പ്രവര്‍ത്തകരായ ഫക്രുദീന്‍, പന്നാ ഇസ്മാഈല്‍, ബിലാല്‍ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ ജയില്‍ വാര്‍ഡര്‍മാരായ മുത്തുമണി, രവി മോഹന്‍, സെല്‍വിന്‍ ദേവദാസ് എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. അസിസ്റ്റന്റ് ജയിലര്‍ കുമാറിനെയും വാര്‍ഡര്‍ മാരിയെയും ആണ് ബന്ദികളാക്കിയത്.

പ്രതികള്‍ക്ക് കുടിക്കാന്‍ പാനീയങ്ങള്‍ കൊണ്ടുവരുന്നതില്‍ നിന്ന് സന്ദര്‍ശകരെ ജയിലധികൃതര്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് തര്‍ക്കം മൂത്ത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാന്‍ തടവുകാര്‍ തയ്യാറായത്.

ഇവരുടെ കൂടെ മറ്റ് 15 തടവുകാരും ഉണ്ടായിരുന്നെന്ന് ജയില്‍ സന്ദര്‍ശിച്ച അഡീഷണല്‍ ജയില്‍ ഡി.ജി.പി ജെ.കെ.ത്രിപാഠി പറഞ്ഞു. മധുര, വെല്ലൂര്‍, സേലം എന്നിവിടങ്ങളിലായി ഹിന്ദു മുന്നണി ഉള്‍പ്പടെയുള്ള സംഘടനകളുടെ അഞ്ചോളം പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ടാണ് അല്‍ ഉമ്മ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.