വിയ്യൂരിലെ സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ പൂര്‍ത്തിയാവുന്നു

single-img
26 September 2015

o-JAIL-facebookതൃശ്ശൂര്‍: വിയ്യൂരിലെ സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ പൂര്‍ത്തിയാവുന്നു. ജയിലിന്റെ പ്രവര്‍ത്തനത്തിന് ജീവനക്കാരുടെ 104 തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കി. മറ്റ് ജയിലുകളില്‍നിന്ന് വ്യത്യസ്തമായി ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനാവും ജയില്‍ മേധാവി. രണ്ട് സൂപ്രണ്ടുമാരുമുണ്ടാവും.  ജയിലിന്റെ പല പ്രവര്‍ത്തനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി നിയന്ത്രിക്കുന്നതിനാല്‍ പ്രത്യേകം ടെക്‌നിക്കല്‍ വിഭാഗത്തെയും നിയോഗിക്കും. സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച നായ്ക്കളുമുണ്ടാവും. സംസ്ഥാനത്തെ മറ്റ് ജയിലുകളിലൊന്നും നായ്ക്കളില്ല.

എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ഡി.ഐ.ജി മുതല്‍ വാര്‍ഡര്‍ ഡ്രൈവര്‍ വരെ 65 ജീവനക്കാരാണ് വേണ്ടത്. രണ്ട് സൂപ്രണ്ടുമാരില്‍ ഒരാള്‍ സാങ്കേതികകാര്യങ്ങളുടെയും രണ്ടാമത്തെയാള്‍ ജയില്‍ ഭരണം, അച്ചടക്കം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയും മേല്‍നോട്ടം വഹിക്കും.

ഡി.ഐ.ജി.യെ ജോലിയില്‍ സഹായിക്കാനും അന്തേവാസികളെ പാര്‍പ്പിച്ചിട്ടുള്ള ബ്ലോക്കുകള്‍ പതിവായി പരിശോധിക്കാനുമായി ജോയിന്റ് സൂപ്രണ്ടുമുണ്ടാവും. ജയിലിലെ വനിതാ ബ്ലോക്കിന്റെ മേല്‍നോട്ടം ഗ്രേഡ് വണ്‍ വനിതാ അസി. സൂപ്രണ്ടിനാണ്. മൂന്ന് വനിതകളുള്‍പ്പെടെ 28 അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ തസ്തികയ്ക്കും ശുപാര്‍ശയുണ്ട്.

ജയില്‍ ആശു​പത്രിയിലേക്ക് മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാരും ആറ് സ്റ്റാഫ് നഴ്‌സുമാരുമുള്‍പ്പെട്ട 11 അംഗ മെഡിക്കല്‍ സംഘത്തെ നിയമിക്കാനും ശുപാര്‍ശയുണ്ട്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ രണ്ട് വെല്‍ഫെയര്‍ ഓഫീസര്‍മാരുള്‍പ്പൈട ഒമ്പത് തസ്തികകള്‍ക്കാണ് ശുപാര്‍ശ. സിസ്റ്റം അനലിസ്റ്റ് മുതല്‍ ഫോട്ടോഗ്രാഫര്‍ കം വീഡിയോഗ്രാഫര്‍ വരെ എട്ട് തസ്തികകളാണ് സാങ്കേതിക വിഭാഗത്തിലുള്ളത്.  മറ്റ് ജയിലുകളിലേതുപോലെ തടവുകാരെ പാചകത്തിന് നിയോഗിക്കാനാവാത്തതിനാല്‍ ഇവിടെ പാചകക്കാരുടെ തസ്തികയുമുണ്ടാവും.

ഇത്രയും ജീവനക്കാരെ നിയമിക്കുകവഴി പ്രതിവര്‍ഷം 3.47 കോടി രൂപയുടെ ചെലവാണ് സര്‍ക്കാരിനുണ്ടാവുക.   തീവ്രവാദം, രാജ്യദ്രോഹ പ്രവര്‍ത്തനം, പ്രമുഖ നേതാക്കളെ കൊലപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ പാര്‍പ്പിക്കാനാണ് അതിസുരക്ഷാ ജയില്‍. 540 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. 26.5 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.