തകര്‍ന്ന വീടുകള്‍ പുതുക്കി പണിയാന്‍ കൂടുതല്‍ തുക വേണമെന്ന് മത്സ്യത്തൊഴിലാളികള്‍;”പള്ളിയില്‍ പോയി പറയാന്‍” മന്ത്രി കെ. ബാബു

single-img
26 September 2015

K_BABUവാടാനപ്പള്ളി: ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കാന്‍ നാലുലക്ഷം രൂപവീതം വേണമെന്ന് ആവശ്യപ്പെട്ട  മത്സ്യത്തൊഴിലാളികളോടു “പള്ളിയില്‍ പോയി പറയാന്‍”  മന്ത്രി കെ. ബാബുവിന്റെ മറുപടി. ഫിഷറീസ്‌ കോളനിയിലെ മത്സ്യത്തൊഴിലാളികളൊടായാണു മന്ത്രിയുടെ പരിഹാസം. അതു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണു പറയേണ്ടതെന്നും താനതു പറയുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വാടാനപ്പള്ളി ബീച്ച്‌ ഫിഷര്‍മെന്‍ കോളനിയില്‍ തീരദേശ വികസനകോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ലൈബ്രറി കം കമ്യൂണിറ്റി ഹാള്‍ നിര്‍മാണ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാന്‍ രണ്ടുലക്ഷം രൂപയാണു നല്‍കുന്നത്‌. അതാവശ്യമുള്ളവര്‍ക്കു വാങ്ങാം. ഇല്ലെങ്കില്‍ തുക ഉയര്‍ത്തിക്കിട്ടുമ്പോള്‍ വാങ്ങിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

കോളനിയിലെ ഇരട്ടവീടുകള്‍ ചോര്‍ന്നൊലിക്കുന്നതും ആവശ്യത്തിനു സൗകര്യമില്ലാത്തവയുമാണ്‌. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സി.എന്‍. ജയദേവന്‍ എം.പി. പ്രസംഗിക്കുമ്പോഴും മന്ത്രി തട്ടിക്കയറി. ഫിഷറീസ്‌ ചുമതല കൂടിയുള്ള കേന്ദ്ര കൃഷിമന്ത്രിക്കു കടലിനെകുറിച്ച്‌ വേണ്ടത്ര ധാരണയില്ലെന്നു എം.പി. അഭിപ്രായപ്പെട്ടപ്പോള്‍ അതു തന്നോടു പറയേണ്ടെന്നായിരുന്നു സംസ്‌ഥാന ഫിഷറീസ്‌ മന്ത്രിയുടെ പ്രതികരണം.

താന്‍ മന്ത്രിയോടല്ല ജനങ്ങളോടാണു പ്രതികരിക്കുന്നതെന്ന്‌ എം.പി മറുപടി നല്‍കി. 46.63 ലക്ഷം രൂപ ചെലവഴിച്ചാണു ലൈബ്രറി കെട്ടിടം നിര്‍മിക്കുന്നത്‌. പണി പൂര്‍ത്തിയായാല്‍ പുസ്‌തകം, കമ്പ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുന്നതിന്‌ അഞ്ചു ലക്ഷംരൂപ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.