ക്രമക്കേട് നടത്തുന്നതിനായി കെ.പി. അനില്‍കുമാറിന് കൂട്ടുനില്‍ക്കാത്തതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് ജോയി തോമസ്

single-img
26 September 2015

 കൊച്ചി: അഴിമതിക്കാരുടെ താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ജോയി തോമസ് . തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്  കെ.പി. അനില്‍കുമാറാണെന്ന് ജോയി തോമസ് കുറ്റപ്പെടുത്തി. മൂന്ന് കോടി രൂപയുടെ ക്രമക്കേട് നടത്തുന്നതിനായി കെ.പി. അനില്‍കുമാറും കോഴിക്കോട്ടെ അരി വിതരണക്കാരനൊപ്പം കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡ് ഓഫീസില്‍ തന്നെ വന്ന് കണ്ടിരുന്നു. കൂടിയ വിലയ്ക്ക് അരി വാങ്ങണമെന്ന ആവശ്യവുമായാണ് അനില്‍കുമാര്‍ എത്തിയത്.

23 രൂപയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് ടെന്‍ഡര്‍ ഉറപ്പിച്ച അരി 26 രൂപയ്ക്ക് വാങ്ങണമെന്ന ആവശ്യമാണ് അനില്‍ കുമാര്‍ മുന്നോട്ടുവച്ചത്.  അനില്‍കുമാറിന്റെ ആവശ്യം അംഗീകരിച്ചാല്‍ മൂന്ന് കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് നഷ്ടം വരുമായിരുന്നു.

ഇടപാടിന്റെ പ്രയോജനം തനിക്കും ഉണ്ടാകുമെന്ന് അനില്‍കുമാര്‍ പറഞ്ഞതായി ജോയി തോമസ് വെളിപ്പെടുത്തി. ഈ ആവശ്യം നിരസിച്ചതോടെയാണ് തനിക്കെതിരായ നീക്കങ്ങള്‍ തുടങ്ങിയതെന്നും ജോയി തോമസ് ആരോപിക്കുന്നു. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനേയും രമേശ് ചെന്നിത്തലയേയും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനേയും അറിയിച്ചിരുന്നു.
അതേസമയം, ജോയി തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ.പി. അനില്‍കുമാര്‍ പ്രതികരിച്ചു.