മലയാളി ഹാജിമാരെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് ഇസ്ലാം നിയമത്തില്‍ പ്രധാനമെന്നു കരുതുന്ന ക്ഷമാശീലം പാലിച്ചതിനാല്‍

single-img
25 September 2015

jamrah-lama2

കേരളത്തില്‍ നിന്നും ഹജ്ജിനു പോയ മലയാളി ഹാജിമാരെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് ക്ഷമാശീലം. മുസ്ദലിഫയില്‍ രാത്രി മുഴുവന്‍ അന്തിയുറങ്ങി നേരം പുലര്‍ന്ന് മിനായിലേക്ക് തിരിക്കുമ്പോഴും ജംറയില്‍ കല്ലെറിയാനുള്ള യാത്ര തുടങ്ങുമ്പോഴും ക്ഷമയോടെ കാത്തിരിക്കനുള്ള ഉപദേശമാണ് ഹജ്ജ് കമ്മിറ്റിയുടെ പരിശീലന ക്ലാസുകളില്‍ നല്‍കുന്നത്. ആ ഒരു ഉപദേശം ജീവിതത്തില്‍ പാവര്‍ത്തികമാക്കിയതാണ് മലയാളി ഹാജിമാരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്നും ഹജ്ജ് കമ്മിറ്റി വിശ്വസിക്കുന്നു.

സാധാരണ മുസ്ദലിഫയില്‍ നിന്ന് പുലര്‍ച്ചെ സുബ്ഹി നമസ്‌ക്കാരം കഴിഞ്ഞ് മിനായിലേക്ക് മടങ്ങുന്ന പല ഹാജിമാരും അവിടെയെത്തിയ ഉടന്‍ ജംറയില്‍ കല്ലെറിയാന്‍ പോകുകയാണ് ചെയ്യുന്നത്. പക്ഷേ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ വളണ്ടിയര്‍മാര്‍ മലയാളിഹാജിമാരെ ഈ സമയം ജംറയില്‍ പോകാന്‍ സമ്മതിക്കാറില്ല. മിനായില്‍ തീവണ്ടിയിറങ്ങിയ ഉടന്‍ മലയാളിഹാജിമാര്‍ തമ്പുകളിലേക്ക് മടങ്ങുകയും ഉച്ചയ്ക്കുള്ള ളുഹര്‍ നമസ്‌ക്കാരത്തിനു ശേഷമോ വൈകുന്നേരത്തെ അസര്‍ നമസ്‌ക്കാരത്തിനു ശേഷമോ ജംറയില്‍ കല്ലെറിയുകയുമാണ് പതിവ്.

മിനായില്‍ അപകടം നടന്ന സമയം മലയാളിഹാജിമാര്‍ മിക്കവരും തമ്പിലുണ്ടായിരുന്നു. ഹജ്ജിന് പോകുന്നതിന് മുമ്പുള്ള പരിശീലന ക്ലാസുകളില്‍ ജംറയിലെ കല്ലെറിയല്‍ കര്‍മ്മത്തെക്കുറിച്ചും അവിടെയുണ്ടാകാന്‍ സാധ്യതയുള്ള തിരക്കിനെക്കുറിച്ചും ുന്‍ അപകടങ്ങളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ അടക്കമുള്ള കാര്യങ്ങള്‍ കാണിച്ച് ഹാജിമാരോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തതും ഗുണകരമായിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി കരുതുന്നു.