ടി.വി. സീരിയലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആണ്‍വേഷം കെട്ടി തിരുവനന്തപുരം നഗരത്തില്‍ കറങ്ങിയ പതിനഞ്ചുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി

single-img
25 September 2015

New-arrival-Drinking-straws-Mustache-and-lips-straws-funny-Mask-Party-Props-100pcs-lot

ആണ്‍വേഷം കെട്ടി തിരുവനന്തപുരം നഗരത്തില്‍ കറങ്ങിയ പതിനഞ്ചുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ഒരു പ്രമുഖ ചാനലിലെ ടിവി സീരിയലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെണ്‍കുട്ടി ആണ്‍വേഷം കെട്ടിയതെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച സ്‌കൂളില്‍ പോകാനായിട്ട് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ പിതാവ് വെള്ളറട വരെ കൊണ്ടു വിടുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര വഴി തിരുവനന്തപുരത്തു പോയ കുട്ടി അവിടെ നിന്നു കാട്ടാക്കടയിലെത്തുകയും അവിടെ ഒരു സലൂണില്‍ കയറി ആണ്‍കുട്ടികളുടേതു പോലെ മുടി മുറിക്കുകയും ചെയ്തു.

അതിനുശേഷം വീണ്ടും തിരുവനന്തപുരത്തു പോയി പേ ആന്‍ഡ് യൂസ് കുളിമുറിയില്‍ കയറി ബാഗില്‍ സൂക്ഷിച്ചിരുന്ന സഹോദരന്റെ വസ്ത്രങ്ങളും ഷൂവും അണിഞ്ഞ് നഗത്തില്‍ കറങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ ഫീസ് കൊടുക്കാന്‍ വീട്ടില്‍ നിന്നും നല്‍കിയ 300 രൂപ മാത്രമാണുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

വെള്ളറട ഡിപ്പോയില്‍ രാത്രിയില്‍ അവസാന വണ്ടിക്കു വന്നിറങ്ങിയ കുട്ടിയെകണ്ട് സംശയം തോന്നിയ ഡിപ്പോ ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളില്‍ നിന്നു കുട്ടി മടങ്ങി എത്താന്‍ വൈകിയപ്പോള്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് എത്തി കുട്ടിയെ തിരിച്ചറിഞ്ഞ് സ്‌റ്റേഷനില്‍ കൊണ്ടു പോകുകയും കസ്റ്റഡിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയെ കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.