പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ഇനി ജോര്‍ജിന്റെ കാര്യം സ്പീക്കര്‍ തീരുമാനിക്കും

single-img
25 September 2015

pc-georgeകൊച്ചി:  അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തള്ളിയതിനെയാണ് പി.സി ജോര്‍ജ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.

സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ല. പരാതി ഗൗരവമുള്ളതാണെങ്കിലും ഒരു നിയമസഭാംഗത്തിന്റെ പരാതിയിലെ നിജസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ നാഥന്‍ കൂടിയായ സ്പീക്കറാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ കാര്യത്തില്‍ സ്പീക്കറുടെ നിലപാട് തന്നെയാകും ഇനി നിര്‍ണായകമാകുക. അയോഗ്യത കല്പിക്കണമെന്ന ആവശ്യത്തിനെതിരെ മറുപടിയുണ്ടെങ്കില്‍ 23ന് നാല് മണിക്കകം നല്‍കാനാണ് പി.സി. ജോര്‍ജിനോട് സ്പീക്കര്‍ ഉത്തരവിട്ടിട്ടുള്ളത്.

കേരള കോണ്‍ഗ്രസ്സിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ച മട്ടിലാണ് പി.സി. ജോര്‍ജ് എം.എല്‍.എ. സ്വീകരിച്ച നിലപാടും അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രവൃത്തികളുമെന്നാണ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. ശരിയായ രേഖകളുടെ അടിസ്ഥാനത്തിലല്ല പ്രസ്തുത അപേക്ഷയെന്ന പി.സി. ജോര്‍ജിന്റെ എതിര്‍പ്പ് തള്ളിയ സ്പീക്കര്‍ അപേക്ഷയില്‍ അപാകമില്ലെന്നും നിലനില്‍ക്കുമെന്നും ഉത്തരവിട്ടു.  പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ച നിലയില്‍ താന്‍ പെരുമാറിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു