ഇപ്പോള്‍ താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഭരണ പരിഷ്‌ക്കാരത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
25 September 2015

narendra-modi5_apന്യൂയോര്‍ക്ക്: ഭരണ പരിഷ്‌ക്കാരത്തിനാണ് ഇപ്പോള്‍ താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അമേരിക്കന്‍ സന്ദര്‍ശത്തിനിടെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളിലെ സിഇഒമാരുമായി കൂടിക്കാഴ്ചക്കിടെയാണ് മോദി വ്യക്തമാക്കിയത്.

ഭരണ പരിഷ്‌കരണത്തിനാണ് ഇപ്പോള്‍ താന്‍ മുന്‍ഗണന നല്‍കുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കുക, തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുക, സുതാര്യത വര്‍ധിപ്പിക്കുക, ഉത്തരവാദിത്തപൂര്‍ണമായ കൃത്യനിര്‍വഹണം തുടങ്ങിയവയ്ക്കാണ് രാജ്യം പ്രാമുഖ്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലുള്‍പ്പെട്ട 40 കമ്പനികളിലെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കഴി!ഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും മോദി അക്കമിട്ടു നിരത്തി.

ലോകത്തെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധി നിമിത്തം മറ്റു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടായപ്പോളും ഇന്ത്യയിലെ വിദേശ നിക്ഷേപം 40 ശതമാനത്തിലധികം ഉയര്‍ന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി ചൂണ്ടിക്കാട്ടി.

യോഗത്തില്‍ മോദി നടത്തിയ വസ്തുതാ വിവരണം മോദി സര്‍ക്കാരിന്റെ നയങ്ങളിലെ സുതാര്യതയാണ് വ്യക്തമാക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത സിഇഒമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ബന്ധപ്പെട്ട് ഓരോ കമ്പനികള്‍ക്കുമുള്ള കാഴ്ചപാടുകള്‍ യോഗത്തില്‍ മേധാവികള്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും അവര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.