കശ്മീര്‍ താഴ് വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി

single-img
25 September 2015

anantnag-jammu-and-kashmir-map_650x400_41437211478ജമ്മു: കശ്മീര്‍ താഴ് വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശവിരുദ്ധര്‍ ബലി പെരുന്നാള്‍ ദിവസം ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത് മതമൈത്രിയും ദേശീയ ഐക്യവും തകര്‍ക്കാനിടയുള്ളതിനാലാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്വാതന്ത്ര്യംകിട്ടുന്നതിനുമുമ്പുള്ള ബീഫ് നിരോധന ഉത്തരവ് ഹൈക്കോടതി വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ യോഗത്തില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. ബലി പെരുന്നാള്‍ ദിവസം ഈ ഉത്തരവിനെ ചൊല്ലി അനാവശ്യ പ്രചാരണമുണ്ടാകാനിടയുണ്ടെന്നാതാണ് ഇന്റര്‍നെറ്റ് വിലക്കിന് ഇടയാക്കിയത്.

കശ്മീര്‍ മേഖലാ ഐ.ജിയാണ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്. കശ്മീര്‍ താഴ് വരയില്‍ സേവനം നല്‍കുന്ന ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, റിലയന്‍സ്, വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ജിപിആര്‍എസ്, 2ജി, 3ജി, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സപ്തംബര്‍ 25ന് രാവിലെ അഞ്ചുമുതല്‍ മുതല്‍ 27 ന് വൈകീട്ട് പത്ത് മണി വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.