പുണ്യഭൂമിയുടെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനായി ഹരിദ്വാറില്‍ യുവതിക്കും യുവാവിനും നേരെ നാട്ടുകാരുടെ സദാചാര ആക്രമണം

single-img
23 September 2015

haridwarഹരിദ്വാറില്‍ യുവതിക്കും യുവാവിനും നേരെ നാട്ടുകാരുടെ സദാചാര ആക്രമണം. ഹിന്ദുക്കളുടെ വിശുദ്ധ നഗരത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന്റെ പേരിലാണ് 20 ഓളം വരുന്ന പ്രദേശവാസികള്‍ യുവതിക്കും യുവാവിനും നേരെ ആക്രമണം നടത്തിയത്. ഹരിദ്വാറിലെ ടൂറിസ്റ്റ് ഹോമുകള്‍ വിവാഹേതര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന്  ഇവിടുത്തുകാര്‍ ആരോപിക്കുന്നു.

ഹരിദ്വാറിലെ പിരണ്‍ കലിയാര്‍ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോള്‍ മാത്രമാണ് വാര്‍ത്ത പുറത്തു വരുന്നത്. ഇവിടെ 50 മുതല്‍ 60 ടൂറിസ്റ്റ് ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിയമവിരുദ്ധമായി കമിതാക്കള്‍ക്ക് മുറി കൊടുക്കുന്നുണ്ടെന്നാണ് ആക്രമണം നടത്തിയവര്‍ ആരോപിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അക്രമത്തിന് ഇരയായവര്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ല. ഇവര്‍ മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ വീഡിയോ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതിയെയും യുവാവിനെയും 20 ഓളം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. കണ്ടാല്‍ അറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.